ജിദ്ദ: ഫലസ്തീൻ ജനതയ്ക്കെതിരെയുള്ള ഇസ്രായേലിന്റെ അക്രമങ്ങളും കുറ്റകൃത്യങ്ങളും അടിയന്തരമായി അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് ബ്രിട്ടനോടും അന്താരാഷ്ട്ര സമൂഹത്തോടും അറബ് ലീഗ് ആവശ്യപ്പെട്ടു. ചരിത്രപ്രസിദ്ധമായ ‘ബാൽഫർ പ്രഖ്യാപന’ത്തിന്റെ 109-ാം വാർഷികത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അറബ് ലീഗ് നിലപാട് വ്യക്തമാക്കിയത്. സ്വന്തം മണ്ണിലും നിയമപരമായ അവകാശങ്ങളിലും ഉറച്ചുനിന്നുകൊണ്ട് ഫലസ്തീൻ ജനത നടത്തുന്ന സമാനതകളില്ലാത്ത ത്യാഗങ്ങളെയും അവരുടെ അചഞ്ചലമായ പ്രതിരോധത്തെയും അറബ് ലീഗ് ആദരവോടെ സ്മരിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്കും പ്രമേയങ്ങൾക്കും ‘അറബ് സമാധാന സംരംഭ’ത്തിനും അനുസൃതമായി, കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് അറബ് ലീഗ് വീണ്ടും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം അംഗീകരിക്കാനും അനധികൃത ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും സാധിക്കുന്ന ‘ദിരാഷ്ട്ര പരിഹാരം’ (Two-State Solution) വേഗത്തിലാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കൽ, വിദ്വേഷപ്രചാരണം നടത്തുന്ന ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തൽ, അധിനിവേശ മേഖലകളിലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കൽ തുടങ്ങിയ ബ്രിട്ടന്റെ സമീപകാല നയപരമായ ചുവടുവെപ്പുകളെ സ്വാഗതം ചെയ്ത അറബ് ലീഗ്, ഫലസ്തീനികളോട് ചരിത്രപരമായി ചെയ്ത അനീതി പരിഹരിക്കുന്നതിന് ഈ നടപടികൾ വേഗത്തിൽ പൂർണ്ണമായി നടപ്പിലാക്കണമെന്നും ബ്രിട്ടനോട് അഭ്യർത്ഥിച്ചു.



