ജിദ്ദ: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ “കരുണാമൃതം ഹാജി സാഹിബ്” എന്ന ശീർഷകത്തിൽ എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു. ജിദ്ദ ശറഫിയയിലെ എലാറ ഹോട്ടലിൽ നടന്ന പരിപാടി സൗദി കെ.എം.സി.സി. നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കംപോയ മുസ്ലിം സമുദായത്തെ തന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് പുരോഗതിയുടെ പാതയിലേക്ക് നയിച്ച നേതാവായിരുന്നു എം.കെ. ഹാജി സാഹിബെന്ന് അദ്ദേഹം പറഞ്ഞു. മലബാറിൽ വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, അനാഥനായി വളർന്ന് അനാഥകൾക്ക് അത്താണിയായ മഹാമനീഷിയായിരുന്നു. തന്റെ സമ്പത്തും ജീവിതവും അനാഥരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സമർപ്പിച്ച മഹത് വ്യക്തിത്വത്തെയാണ് ചടങ്ങ് അനുസ്മരിച്ചത്.

സംഗമത്തിൽ പങ്കെടുത്ത നവാഗതരായ പ്രവർത്തകർക്ക് എം.കെ. ഹാജി സാഹിബിനെയും മുസ്ലിം ലീഗിനെയും കെ.എം.സി.സി.യെയും കുറിച്ച് കൂടുതൽ അടുത്തറിയാനും സംഘടനാ ചരിത്രവും പ്രവർത്തനങ്ങളും മനസ്സിലാക്കാനും അവസരമൊരുക്കി. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഇസ്ഹാഖ് പൂണ്ടോളി എം.കെ. ഹാജി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ജിദ്ദ കെ.എം.സി.സി. സംസ്കൃതി ചെയർമാൻ സീതി കൊളക്കാടൻ, മണ്ഡലം ചെയർമാൻ പി.കെ. സുഹൈൽ, ജബ്ബാർ പാലത്തിങ്ങൽ, അബ്ദുസമദ് പോറ്റയിൽ എന്നിവർ സംസാരിച്ചു. മുനീർ തലാപ്പിൽ ഖിറാഅത്ത് നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും ട്രഷറർ നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു.



