കോഴിക്കോട്: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ വഴി അരലക്ഷത്തോളം രൂപ വിലവരുന്ന സ്മാർട്ട്ഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് പഴകിയ ഡമ്മി ഫോൺ. വടകര പുത്തൻപീടിക സ്വദേശി എം.ആർ. ഹരികൃഷ്ണനാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. ആമസോണിന്റെ വടകരയിലുള്ള വെയർഹൗസിൽ നേരിട്ടെത്തി ജീവനക്കാരുടെ സാന്നിധ്യത്തിൽ തന്നെ പാർസൽ തുറന്നുനോക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
കഴിഞ്ഞ മാസം 31-നാണ് ‘ഓപ്പോ റെനോ 16സി’ (Oppo Reno 16C) എന്ന സ്മാർട്ട്ഫോൺ ഹരികൃഷ്ണൻ ഓർഡർ ചെയ്തത്. തന്റെ പഴയ ഫോണായ ‘വൺപ്ലസ് നോർഡ് സി.ഇ3 5ജി’ എക്സ്ചേഞ്ച് ചെയ്ത ശേഷം 40,430 രൂപയാണ് പുതിയ ഫോണിനായി ഇദ്ദേഹം നൽകിയത്. ഡെലിവറി സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ പാർസൽ കൈപ്പറ്റാനായി ഹരികൃഷ്ണൻ വടകരയിലെ ആമസോൺ വെയർഹൗസിൽ നേരിട്ടെത്തുകയായിരുന്നു. വെയർഹൗസിൽ വെച്ച് എക്സ്ചേഞ്ച് നടപടികൾ പൂർത്തിയാക്കി പഴയ ഫോൺ കൈമാറിയ ശേഷം, സിം കാർഡ് ഇടുന്നതിനായി ജീവനക്കാരുടെ മുന്നിൽ വെച്ച് തന്നെ പുതിയ ഫോണിന്റെ ബോക്സ് തുറന്നപ്പോഴാണ് ഓപ്പോ ഫോണിന് പകരം വിവോയുടെ പഴയൊരു ഡമ്മി ഫോൺ കണ്ടെത്തിയത്.
ജീവനക്കാരുടെ മുന്നിൽ വെച്ച് പാക്കറ്റ് തുറന്നതിനാൽ തട്ടിപ്പ് ഉടനടി അവർക്കും ബോധ്യപ്പെടുകയും, സംഭവത്തിന്റെ ദൃശ്യങ്ങൾ വെയർഹൗസിലെ സിസിടിവിയിൽ പതിയുകയും ചെയ്തു. തുടർന്ന് ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും കസ്റ്റമർ കെയറിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. എക്സ്ചേഞ്ച് ചെയ്ത പഴയ ഫോൺ തിരികെ നൽകാനാകില്ലെന്നായിരുന്നു ജീവനക്കാരുടെ ആദ്യ നിലപാടെങ്കിലും, ഹരികൃഷ്ണന്റെ പ്രതിഷേധത്തെത്തുടർന്ന് താൽക്കാലിക ആവശ്യത്തിനായി പഴയ ഫോൺ കുറച്ചു ദിവസത്തേക്ക് തിരികെ നൽകി.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകിയിട്ടും ആമസോണിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂലമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹരികൃഷ്ണൻ പറയുന്നു. കമ്പനി അധികൃതർക്ക് ഇ-മെയിൽ വഴി പരാതി നൽകിയിട്ടും കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിലും കേരള പൊലീസിന്റെ ‘തുണ’ പോർട്ടലിലും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. നീതി ലഭിക്കുന്നതിനായി ‘ഇ-ജാഗ്രതി’ പോർട്ടൽ വഴി ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹരികൃഷ്ണൻ.



