ആസിയാൻ ഉച്ചകോടിക്ക് മുന്നോടിയായി ഫിലിപ്പീൻസിൽ ട്രംപിനെതിരെ വൻ പ്രതിഷേധം; 200-ലധികം പേർ അറസ്റ്റിൽ

മനില: ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നടക്കുന്ന 49-ാമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രാജ്യത്ത് വൻ പ്രതിഷേധം. ട്രംപിന് ഫിലിപ്പീൻസിലേക്ക് സ്വാഗതമില്ലെന്ന മുദ്രാവാക്യമുയർത്തി ‘ട്രംപ് ഔട്ട് നൗ’ എന്നെഴുതിയ ബാനറുകളുമായി നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. വിദ്യാർത്ഥികളും തൊഴിലാളികളും ഇടതുപക്ഷ സംഘടനകളും പ്രതിഷേധത്തിൽ അണിനിരന്നു.

അമേരിക്കൻ ജനത പൂർണ്ണമായും തള്ളിക്കളഞ്ഞ ഒരാൾക്ക് ഫിലിപ്പൈൻ സർക്കാർ വലിയ സ്വീകരണം നൽകുന്നത് തികച്ചും ഭ്രാന്തമായ നടപടിയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ‘ബയാൻ’ സംഘടനയുടെ നേതാവ് റെനാറ്റോ റെയ്‌സ് കുറ്റപ്പെടുത്തി. ഇറാനെതിരെ ട്രംപ് തുടങ്ങിവെച്ച യുദ്ധത്തിൽ ഫിലിപ്പൈൻ ജനതയ്ക്ക് കടുത്ത അമർഷമുണ്ടെന്നും, ആഗോള വ്യവസ്ഥയെ തകർക്കുന്ന ഈ യുദ്ധം ഫിലിപ്പീൻസിൽ രൂക്ഷമായ ഇന്ധന പ്രതിസന്ധിക്കും പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങൾക്കും കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപ് നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ലോകമെമ്പാടുമുള്ള ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും വലിയ വില നൽകേണ്ടി വരുമെന്നും റെയ്‌സ് മുന്നറിയിപ്പ് നൽകി.

മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുക, അമേരിക്കയുടെ നേതൃത്വത്തിലുള്ള ‘പാക്സ് സിലിക്ക’ പദ്ധതി നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു. മനിലയിലെ ലിവസാംഗ് ബോണിഫാസിയോ പാർക്കിൽ നിന്നും സുകാട്ടിൽ നിന്നും ഉച്ചകോടി വേദിയിലേക്ക് മാർച്ച് നടത്താനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് 200-ലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ.

Related Articles

- Advertisement -spot_img

Latest Articles