ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സൈനിക സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ നിർമ്മിത ‘ലൂക്കാസ്’ ആക്രമണ ഡ്രോൺ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖെഷ്ം ദ്വീപിന് തെക്ക് ഭാഗത്തുവെച്ച് അമേരിക്കയുടെ ‘എം.ക്യു-1 പ്രിഡേറ്റർ’ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു യു.എസ് ഡ്രോൺ കൂടി തകർത്തതായുള്ള പുതിയ സ്ഥിരീകരണം പുറത്തുവരുന്നത്.
ബഹ്‌റൈൻ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നിരവധി ആക്രമണ ഡ്രോണുകൾ ആകാശത്തുവെച്ച് തന്നെ തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഇറാന്റെ ഈ നീക്കം. ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തിലുള്ള അമേരിക്കൻ റഡാർ സംവിധാനത്തെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നായിരുന്നു ഐ.ആർ.ജി.സിയുടെ വാദം. എന്നാൽ, രാജ്യത്തിന് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെടുത്തിയതായി ബഹ്‌റൈൻ ഭരണകൂടവും വ്യക്തമാക്കി.



