ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നിയോഗിച്ചിരുന്ന വിവാദ പൊലീസ് വിഭാഗമായ സ്ട്രാറ്റജിക് റെസ്പോൺസ് ഗ്രൂപ്പിനെ (എസ്.ആർ.ജി) പിരിച്ചുവിടാൻ മേയർ സൊഹ്റാൻ മംദാനി ഉത്തരവിട്ടു. ഫലസ്തീൻ അനുകൂല റാലികളിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും ക്രൂരമായ ബലപ്രയോഗം നടത്തിയതിന്റെ പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെട്ട സേനയാണിത്. ഭരണഘടനാപരമായ പ്രതിഷേധ അവകാശങ്ങളെ ഭീകരവാദ ഭീഷണി പോലെ നേരിടാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പൊലീസ് കമ്മീഷണർ ജെസീക്ക ടിഷിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മേയർ സുപ്രധാനമായ ഈ പൊലീസ് പരിഷ്കാരങ്ങൾ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മംദാനി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
പത്ത് വർഷം മുമ്പ് ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 500 അംഗ പ്രത്യേക സേനയായിരുന്നു എസ്.ആർ.ജി. ഗസയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ കൊളംബിയ സർവകലാശാലയിലടക്കം നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും, 2020-ലെ ജോർജ് ഫ്ലോയ്ഡ് പ്രതിഷേധങ്ങളിലും, കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരായ സമരങ്ങളിലും കവചിത വേഷങ്ങളിലെത്തി ലാത്തിയും കണ്ണീർ വാതകവും പെപ്പർ സ്പ്രേയും ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമർത്തിയതിന് ഇവർക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ചർച്ചകൾക്കും സമാധാനപരമായ ഇടപെടലുകൾക്കും മുൻഗണന നൽകുന്ന പുതിയൊരു രീതിയാണ് കൊണ്ടുവരുന്നതെന്ന് മംദാനി വ്യക്തമാക്കി.
പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി മേയറുടെ ഓഫീസിന് കീഴിൽ സിവിലിയന്മാർ നേതൃത്വം നൽകുന്ന ‘കമ്മ്യൂണിറ്റി ഡയലോഗ് ആൻഡ് ഡി-എസ്കലേഷൻ ഡിവിഷൻ’ നിലവിൽ വരും. യൂണിഫോമോ ആയുധങ്ങളോ അറസ്റ്റ് ചെയ്യാനുള്ള അധികാരമോ ഇല്ലാത്ത ഈ വിഭാഗം പ്രതിഷേധക്കാരുമായി സംസാരിച്ച് സംഘർഷം ലഘൂകരിക്കാൻ പ്രവർത്തിക്കും. എസ്.ആർ.ജിക്ക് പകരമായി പൊലീസിനുള്ളിൽ ‘ഫസ്റ്റ് അമെൻഡ്മെന്റ് സപ്പോർട്ട് ടീം’, ‘പട്രോൾ സപ്പോർട്ട് ഡിവിഷൻ’ എന്നിവ പ്രവർത്തിക്കുകയും, ഭീകരവാദ വിരുദ്ധ ചുമതലകൾ എൻ.വൈ.പി.ഡിയുടെ ഇന്റലിജൻസ് ആൻഡ് കൗണ്ടർ ടെററിസം ബ്യൂറോയിലേക്ക് മാറ്റുകയും ചെയ്യും. കൂടാതെ പ്രതിഷേധങ്ങൾക്കിടെ കണ്ണീർ വാതകം, നീളമുള്ള തോക്കുകൾ, പെപ്പർ സ്പ്രേ എന്നിവ പൂർണ്ണമായും നിരോധിക്കുകയും ശബ്ദ ഉപകരണങ്ങളുടെ ഉപയോഗം 90 ഡെസിബെല്ലായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2027 വസന്തകാലത്തോടെ ഈ പുനഃസംഘടന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.



