ഭുവനേശ്വർ: ഒഡിഷയിൽ കടയിൽ നിന്ന് ബിസ്കറ്റ് എടുത്തെന്നാരോപിച്ച് 13 വയസ്സുകാരനെ കടയുടമ തല്ലിക്കൊന്നു. ബലേശ്വർ ജില്ലയിലെ നിലഗിരി മേഖലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഭവത്തിൽ കടയുടമ സന്തോഷ് ബെഹ്റയെയും മകൻ മനസ് ബെഹ്റയെയും പൊലീസ് അറസ്റ്റ് ചെയ്തു. ടെന്റുലിയ ഗ്രാമവാസിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി ദിനേശ് ബാഗ്സിങ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കടയിൽ നിന്ന് പലഹാരം വാങ്ങാനായി പോയ കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ, ശനിയാഴ്ച രാവിലെ കടയ്ക്ക് പിന്നിലുള്ള നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അനുവാദമില്ലാതെ കടയിൽ നിന്ന് ബിസ്കറ്റ് എടുത്ത് കഴിച്ചെന്ന് ആരോപിച്ച് കുട്ടിയെ കടയ്ക്കുള്ളിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. മർദ്ദനത്തിലേറ്റ പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കടയുടെ പൂട്ടുപൊളിച്ച് പരിശോധന നടത്തുകയും സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പിടിച്ചെടുക്കുകയും ചെയ്തു. കുട്ടിയെ മർദ്ദിച്ചതായി കടയുടമ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മൃതദേഹം കടയ്ക്ക് പിന്നിലെ കെട്ടിടത്തിൽ ഉപേക്ഷിച്ചതിൽ കടയുടമയ്ക്കും മകനും പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
സംഭവമറിഞ്ഞതോടെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ 12 മണിക്കൂറോളം പ്രതിഷേധം തുടർന്നു. ഒടുവിൽ ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കർശന നടപടി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.



