റിയാദ്: കണ്ണൂർ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പറവൂർ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നതിനായി റിയാദ് കേളി കലാ സാംസ്കാരിക വേദി സാമ്പത്തിക സഹായം കൈമാറി. കേളിയുടെ പന്ത്രണ്ടാം കേന്ദ്രസമ്മേളന പ്രഖ്യാപനമായ ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള സഹായം സംഘടന ഏറ്റെടുത്തത്.
പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒരു മാസത്തേക്ക് മൂന്ന് നേരം ഭക്ഷണം നൽകുന്നതിനാവശ്യമായ തുകയാണ് കേളി നൽകിയത്. മുൻ കേളി അംഗം പപ്പൻ കോലുവള്ളിയിൽ നിന്ന് പാണപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. പത്മനാഭൻ സഹായധനം ഏറ്റുവാങ്ങി. സ്കൂളിന് സ്വന്തമായി വാഹനമില്ലാത്തതിനാൽ നിലവിൽ വാടക വാഹനത്തിലാണ് കുട്ടികളെ വീടുകളിൽ നിന്ന് സ്കൂളിലെത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതെന്നും അധികൃതർ ചടങ്ങിൽ വ്യക്തമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.എ. കോമളവല്ലി, എം. നിഷ, പി. നാരായണൻ, എം.വി. പ്രീത, കെ. ഭാസ്കരൻ, കെ.കെ. സജികുമാർ, വി.പി. ഗോവിന്ദൻ എന്നിവരും, മുൻ കേളി അംഗങ്ങളായ ചന്ദ്രൻ പട്ടുവം, മധു ഏഴോം, പി.കെ. ദയാനന്ദൻ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി.കെ. സജിത സ്വാഗതവും സ്കൂൾ അധ്യാപിക എം. ജയന്തി നന്ദിയും രേഖപ്പെടുത്തി.



