സിഡ്‌നി: വെസ്റ്റ് ബാങ്കിലെ ഇസ്രായേലി അനധികൃത കുടിയേറ്റങ്ങൾക്കും അവിടെ നടക്കുന്ന അതിക്രമങ്ങൾക്കുമെതിരെ ശക്തമായ നടപടിയുമായി ഓസ്‌ട്രേലിയ. മൂന്ന് ഇസ്രായേലി വ്യക്തികൾക്കും നാല് സംഘടനകൾക്കുമെതിരെയാണ് ഓസ്‌ട്രേലിയ ഉപരോധം ഏർപ്പെടുത്തിയത്. ഇത്തരം അനധികൃത കുടിയേറ്റങ്ങളും അക്രമങ്ങളും മേഖലയിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എട്ട് ഇസ്രായേലി നിർമ്മാണ കമ്പനികൾക്ക് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഓസ്‌ട്രേലിയയുടെയും ഈ നിർണ്ണായക നീക്കം.
ഉപരോധിക്കപ്പെട്ട വ്യക്തികളും സംഘടനകളും പുതിയ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമ്മാണത്തിൽ പങ്കാളികളായിട്ടുണ്ടെന്നും, ഇതിനായി ഫണ്ട് ശേഖരണം നടത്തുകയും അക്രമകാരികളായ കുടിയേറ്റക്കാർക്ക് പിന്തുണ നൽകുകയും ചെയ്തുവെന്നും ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് വ്യക്തമാക്കി. ഉപരോധം ഏർപ്പെടുത്തിയ വ്യക്തികളുമായും സംഘടനകളുമായും ഓസ്‌ട്രേലിയൻ കമ്പനികളോ പൗരന്മാരോ യാതൊരുവിധ വ്യാപാര ബന്ധങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ ഏർപ്പെടാൻ പാടില്ലെന്നും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
യു.എൻ സംഘടനകളും ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും അനധികൃത കുടിയേറ്റങ്ങളെ ശക്തമായി എതിർക്കുന്നുണ്ടെന്നും, കുടിയേറ്റ മേഖലകളിലുണ്ടാകുന്ന അതിക്രമങ്ങൾ സമാധാന ശ്രമങ്ങളെ തകർക്കുന്നുവെന്നും പെന്നി വോംഗ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെറിക്കോ നഗരത്തിൽ ഇസ്രായേലി കുടിയേറ്റക്കാർ നിരവധി ഫലസ്തീൻ വീടുകൾ കയ്യേറുകയും, 72 വയസ്സുള്ള ഒരു ഫലസ്തീൻ സ്ത്രീയെ വെടിവെച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി ഫലസ്തീൻ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു.



