‘സദ്ദാം ഹുസൈനാണ് ഇപ്പോൾ ന്യൂയോർക്ക് ഭരിക്കുന്നത്’; മേയർ സൊഹ്‌റാൻ മംദാനിക്കെതിരെ വിദ്വേഷ പ്രചാരണം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ പുതിയ ലുക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ തീവ്ര വലതുപക്ഷ വിമർശകരുടെ സൈബർ ആക്രമണം. പുരുഷന്മാരുടെ ആരോഗ്യ ബോധവത്കരണ ക്യാമ്പെയ്നായ ‘മൂവമ്പറിന്റെ’ (Movember) ഭാഗമായി മംദാനി താടി വടിച്ചുമാറ്റി മീശ മാത്രമാക്കിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ന്യൂയോർക്ക് പൊലീസിന്റെ വിവാദ വിഭാഗമായ ‘സ്ട്രാറ്റജിക് റെസ്പോൺസ് ഗ്രൂപ്പ്’ (എസ്.ആർ.ജി) പിരിച്ചുവിടുന്നതായി തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോയിലൂടെ മംദാനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സുപ്രധാന തീരുമാനത്തേക്കാൾ വീഡിയോയിലെ മേയറുടെ മീശയെയാണ് വിമർശകർ ലക്ഷ്യമിട്ടത്.

ന്യൂയോർക്കിന്റെ ആദ്യ മുസ്‌ലിം മേയറായ മംദാനിയുടെ പുതിയ മീശ മുൻ ഇറാഖി ഏകാധിപതി സദ്ദാം ഹുസൈനെ ഓർമ്മിപ്പിക്കുന്നുവെന്നും, ‘സദ്ദാം ഹുസൈനാണ് ഇപ്പോൾ ന്യൂയോർക്ക് ഭരിക്കുന്നത്’ എന്നും റിയാലിറ്റി ടിവി താരം സ്പെൻസർ പ്രാറ്റ് ഉൾപ്പെടെയുള്ളവർ പരിഹസിച്ചു. പൊലീസിന്റെ പ്രത്യേക വിഭാഗം പിരിച്ചുവിടുന്നതും മേയറുടെ രൂപമാറ്റവും കൂട്ടിവായിച്ച തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ, ന്യൂയോർക്കിൽ ഭീകരാക്രമണത്തിന് കളമൊരുങ്ങുകയാണെന്നും അമേരിക്കയിൽ ‘ഇസ്‌ലാമിക അധിനിവേശം’ നടക്കുകയാണെന്നും ആരോപിച്ചു.

വിമർശനങ്ങൾ കടുക്കുമ്പോഴും, പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ആഗോളതലത്തിൽ നവംബർ മാസത്തിൽ ആചരിക്കുന്ന ‘മൂവമ്പർ’ ക്യാമ്പെയ്നിന്റെ ഭാഗമായാണ് മേയർ മീശ വളർത്തിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതിഷേധക്കാർക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണം നേരിട്ടിരുന്ന എസ്.ആർ.ജി വിഭാഗത്തിന് പകരം, സാധാരണക്കാരായ ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ‘കമ്മ്യൂണിറ്റി ഡയലോഗ് ആൻഡ് ഡി-എസ്കലേഷൻ ഡിവിഷൻ’ രൂപീകരിക്കാനുള്ള തീരുമാനവുമായി മംദാനി മുന്നോട്ട് പോവുകയാണ്.

Related Articles

- Advertisement -spot_img

Latest Articles