കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ കടുക്കുന്നതിനിടെ, രാജ്യത്ത് ശത്രുരാജ്യത്തിന്റെ ഡ്രോൺ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് കുവൈത്ത് സായുധ സേന വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുപക്ഷത്തിന്റെ ആക്രമണങ്ങളെ ചെറുക്കുന്നതിനിടെയാണ് സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നതെന്ന് കുവൈത്ത് മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ നൽകിയ പ്രസ്താവനയിൽ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖെഷ്മ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിനും, ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിനും പിന്നാലെയാണ് കുവൈത്തിലും സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുന്നത്. മേഖലയിൽ സമാധാന കരാറുകൾക്കുള്ള സാധ്യതകൾ അകന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ, പുതിയ സംഭവവികാസങ്ങൾ പശ്ചിമേഷ്യയെ വലിയൊരു സംഘർഷത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.



