മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട : അബ്ദുറസാഖ് ഹാജി ഇടിയങ്ങര നാട്ടിലേക്ക്.

ബഹ്‌റൈന്‍: ബഹ്റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനായ അബ്ദുറസാഖ് ഹാജി ഇടിയങ്ങര  പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാടണയുകയാണ്.1991 ൽ പവിഴ ദ്വീപിലേക്ക് ജീവിതം പറിച്ചു നട്ട അബ്ദു റസാഖ് ഹാജിക്ക് ബഹ്റൈൻ എന്നത് വെറും തൊഴിലിടം മാത്രമായിരുന്നില്ല. ജോലി കഴിഞ്ഞുള്ള ഒഴിവു സമയം മുഴുവൻ സാമൂഹിക സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായി അദ്ദേഹം നിറഞ്ഞു നിന്നു.

ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം ഉമ്മുൽ ഹസം ഏരിയാ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവപ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ധേഹം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ.സി.എഫ് ) എന്ന പേരിൽ പ്രവാസലോകത്ത് ഏകീകൃത രൂപത്തിൽ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ദീർഘകാലം ഉമ്മുൽ ഹസം റീജിയൻ പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവിൽ സംഘടനയുടെ ബഹ്റൈൻ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ടായി സേവനം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും,സേവന സന്നദ്ധതയും ഉമ്മുൽ ഹസമിലും പരിസരങ്ങളിലും ഐ സി എഫിന് വലിയ ജനപിന്തുണയും ഊർജ്ജവും പകർന്നതായിരുന്നു.

35 വർഷക്കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ നാട്ടിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് സംരംഭങ്ങൾക്കും അകമഴിഞ്ഞ് പിന്തുണ നൽകിയ അദ്ദേഹം ഫറൂഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാദിസിയ്യ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ ബഹ്റൈൻ കമ്മിറ്റി പ്രസിഡണ്ട് കൂടിയാണ്. തന്റെ സേവന പ്രവർത്തനങ്ങൾക്കിടയിൽ പ്രയാസപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായിട്ടാണ് റസാഖ് ഹാജി ബഹ്‌റൈനിനോട് വിട പറയുന്നത്.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ചെയ്ത തീർത്ത, തന്നാലാവുന്ന സേവനങ്ങളുടെ ചാരിതാർത്ഥ്യത്തോടെ ഈ വരുന്ന 22 ന് നാട്ടിലേക്ക് പോകുന്ന അബ്ദുറസാഖ് ഹാജി ക്ക് ഐ. സി. എഫ്. ബഹ്റൈൻ നാഷണൽ കമ്മിറ്റിയും ഉമ്മുൽ ഹസം റീജീയൻ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യാത്രയയപ്പ് സംഗമം നാളെ (ശനി) രാത്രി എട്ടിന് ഉമ്മുൽ ഹസം സുന്നി സെന്ററിൽ നടക്കും.

Related Articles

- Advertisement -spot_img

Latest Articles