കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡോ. സിസ തോമസ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയും, നവംബറിലെ പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്കായി പ്രത്യേക പരീക്ഷ നടത്താൻ നിർദ്ദേശിച്ചും കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സർവകലാശാലയുടെ അഞ്ചംഗ അന്വേഷണ സമിതി റിപ്പോർട്ട് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. എന്നാൽ, ഈ വിധി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സർവകലാശാല ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. വി.സിയുടെ അപ്പീൽ കോടതി നാളെ പരിഗണിച്ചേക്കും.
വിദ്യാർഥികളുടെ പ്രതിഷേധങ്ങളോട് സർവകലാശാല അസഹിഷ്ണുത കാണിക്കുകയാണെന്നും, വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും സിംഗിൾ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. വിദ്യാർഥികളുടെ അക്കാദമിക് ഭാവി തകർക്കാൻ സർവകലാശാല ശ്രമിക്കരുതെന്നും അധികാരികൾ അമിതമായി വികാരാധീനരാകരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ക്യാമ്പസിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച പ്രതിഷേധ നാടകത്തിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. വൈസ് ചാൻസലറെ ആക്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് 16 വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്യുകയും നവംബറിലെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ശ്യാംജിത്ത്, അതുല്യ, അശ്വന്ത്, അർച്ചന, ആശ്രിത, ശിവകുമാർ, ഫസ്ന, ഡോണ മരിയ, ശ്രദ്ധ, വിസ്മയ, വിപിൻ മാത്യു, അനഘ, അരുണിമ, ജിഷ്ണു സുരേഷ്, റിതിഷ, അഭിജിത് കെ.വി. എന്നിവർക്കെതിരെയായിരുന്നു നടപടി. വിദ്യാർഥികളുടെ സമരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ അപരിഷ്കൃതം എന്ന് വിമർശിച്ചതും, സർവകലാശാലയുടെ നടപടികൾക്ക് സർക്കാർ പിന്തുണ നൽകിയതും നേരത്തെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.



