പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; അധ്യാപകരുടെ മാനസിക പീഡനമെന്ന് കുടുംബം

കൊല്ലം: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് വടക്ക് ആനയടി നിരഞ്ജ നിവാസിൽ സന്തോഷിന്റെയും രാജിയുടെയും മകൻ നിരഞ്ജൻ (17) ആണ് മരിച്ചത്. സംഭവത്തിന് പിന്നിൽ സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് എസ്.പി.സി കോ-ഓർഡിനേറ്ററായ അധ്യാപികയും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നും, തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തി അപമാനിച്ചതുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഈ സംഭവങ്ങൾ നിരഞ്ജനിൽ കടുത്ത മനോവിഷമമുണ്ടാക്കിയിരുന്നതായും, അധ്യാപികയ്ക്കും പ്രിൻസിപ്പലിനുമെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ശൂരനാട് പോലീസിൽ പരാതി നൽകി.

23-ന് നിരഞ്ജന്റെ ജന്മദിനമായിരുന്നുവെന്നും, ഇതിന്റെ ഭാഗമായി അമ്മ പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. വീട്ടിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നേരത്തെ വീട്ടിലെത്തിയ നിരഞ്ജൻ കടുത്ത അസ്വസ്ഥതയിലായിരുന്നു. രാത്രി സഹോദരിക്കൊപ്പം പഠിച്ച ശേഷം ഉറങ്ങാനായി മുറിയിലേക്ക് പോയ കുട്ടിയെ മണിക്കൂറുകൾക്ക് ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി സ്കൂളിലെത്തി പ്രതിഷേധിച്ചു. വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കുചേർന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസും അധികൃതരും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച മണ്ഡലത്തിലെ സ്കൂളുകളിൽ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles