പാലക്കാട് സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റു; തോക്ക് കൊണ്ടുവന്നത് സഹപാഠി

പാലക്കാട്: പാലക്കാട് ജില്ലയിലെ പള്ളിപ്പുറത്ത് സ്‌കൂൾ വിദ്യാർഥിക്ക് വെടിയേറ്റു. പള്ളിപ്പുറം പരുതൂർ ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് സ്‌കൂളിൽ വെച്ച് സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. വീട്ടിൽ നിന്ന് കൊണ്ടുവന്ന തോക്ക് സഹപാഠികൾക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്താണ് വെടിയേറ്റത്.

പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ശരീരത്തിൽ തറച്ച ബുള്ളറ്റ് പുറത്തെടുക്കുന്നതിനായി കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള നടപടികൾ ആശുപത്രി അധികൃതർ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയുടെ കൈവശം ഉണ്ടായിരുന്നത് പഴക്കം ചെന്ന നാടൻ തോക്കാണെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂൾ വിദ്യാർഥിക്ക് എവിടെ നിന്നാണ് ഈ തോക്ക് ലഭിച്ചതെന്നും, വീട്ടിൽ ഇത് എങ്ങനെ എത്തിയെന്നതുമടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles