കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശൻ സഭാ ആസ്ഥാനത്തെത്തി സഭാധ്യക്ഷനുമായി നേരിട്ട് ചർച്ച നടത്തിയിട്ടും സർക്കാരിനോടുള്ള രോഷം അടങ്ങാതെ ഓർത്തഡോക്സ് സഭ. പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇടഞ്ഞ സഭയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച ഉച്ചയ്ക്ക് ദേവലോകം അരമനയിലെത്തിയത്. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, സഭാ സെക്രട്ടറി ബിജു ഉമ്മൻ എന്നിവരും സംബന്ധിച്ചു. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം കാതോലിക്ക ബാവയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
സഭയ്ക്ക് ആഴത്തിൽ മുറിവേറ്റതായും നീതി നിഷേധിക്കപ്പെട്ടതായും നേതൃത്വം മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു. പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനം, ആട്ടിൻകുന്ന് പള്ളി പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ പിന്നീട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. മണർകാട്, കോതമംഗലം പള്ളികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അംഗീകരിച്ച കമ്മീഷൻ നിർദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നും ഇതിനുള്ള വ്യക്തമായ രേഖകൾ സഭയുടെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും സഭ കുറ്റപ്പെടുത്തി.
മലങ്കര സഭയ്ക്കുണ്ടായ മാനസിക മുറിവ് ഉണങ്ങാതെയും നീതി നിഷേധത്തിന് പരിഹാരം കാണാതെയും യാതൊരു അനുരഞ്ജന നീക്കങ്ങളുമായും മുന്നോട്ടുപോകാനാകില്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. കാതോലിക്ക ബാവയ്ക്ക് തുല്യപദവി വഹിക്കുന്നവരുമായി മാത്രമേ ഇനി ചർച്ചയ്ക്ക് താൽപ്പര്യപ്പെടുന്നുള്ളൂവെന്നും നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യതയില്ലെന്നും ഫാ. തോമസ് വർഗീസ് അമയിൽ പറഞ്ഞു. നേരത്തെ ചർച്ച നടന്നുവെന്ന അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സഭയുടെ വേദന മുഖ്യമന്ത്രിയെ അറിയിച്ചതായും നിയമപരമായ പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. നിയമോപദേശവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കലുണ്ടായെന്ന ആരോപണം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.



