തളിപ്പറമ്പ്: കോടതി നടപടികൾക്കിടയിൽ പ്രതികളുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്‌സൺ കെപി ജ്യോതിക്ക് കോടതി പിരിയും വരെ തടവും ആയിരം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി കെഎൻ പ്രശാന്തനാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവായിരുന്ന സിവി ധനരാജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങൾ കോടതി നടപടിക്കിടെ കെപി ജ്യോതി ക്യാമറയിൽ പകർത്തുകയായിരുന്നു.
ആർഎസ്എസ് ബിജെപി പ്രവർത്തകരായ 19 പ്രതികൾ കേസിൻറെ ഭാഗമായി കോടതിയിൽ ഹാജരായിരുന്നു. കൊല്ലപ്പെട്ട ധൻരാജിന്റെ ഭാര്യ എംപി സജിനി പ്രതികളെ തിരിച്ചറിയുന്ന നടപടികൾ നടക്കുന്നതിതിനിടയിലാണ് കെപി ജ്യോതി ചിത്രമെടുത്തത്. കോടതി വരാന്തയിൽ നിന്ന് ജനൽ ചില്ലുകൾക്കിടയിലൂടെയാണ് കെപി ജ്യോതി പ്രതികളുടെ ചിത്രം എടുത്തത്.
ഇത് ശ്രദ്ധയിൽ പെട്ട കോടതി മൊബൈൽ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് ഡിവൈഎസ്‌പി കെഇ പ്രേമചന്ദ്രൻ വിളിച്ചുവരുത്തി നിർദേശങ്ങൾ നൽകിയ ശേഷം പോലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തു.
തുടർന്ന് ജ്യോതിയെ ജഡ്‌ജിയുടെ മുൻപാകെ വിളിച്ചു വരുത്തി വിശദീകരണം തേടി. എന്നാൽ ഞാൻ ഫോട്ടോ എടുത്തില്ലെന്നാണ് ജ്യോതി മറുപടി നൽകിയത്. എന്നാൽ താൻ നേരിട്ട് കണ്ടതാണെന്ന് ജഡ്‌ജി വ്യക്തമാക്കി. തുടർ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെയാണ് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചത്.



