റിയാദ്: സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്‌തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ ഫൗസാനെ നിയമിച്ചു. മുതിർന്ന സൗദി പണ്ഡിത കൗൺസിലിന്റെ ചെയർമാനായും പണ്ഡിത ഗവേഷണത്തിനും ഫത്‌വക്കുമുള്ള ജനറൽ പ്രസിഡൻസിയുടെ പ്രസിഡന്റായും മന്ത്രി പദവിയോടു കൂടിയാണ് നിയമനം. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻറെ നിർദേശപ്രകാരമാണ് നിയമനമെന്നും രാജകീയ ഉഅത്തരവിൽ പറയുന്നു.
1992 മുതൽ പണ്ഡിത ഗവേഷണത്തിനും ഫത്‍വക്കുമുള്ള സ്ഥിരം സമിതി അംഗമാണ് ഡോ. സാലിഹ് ബിൻ ഫൗസാൻ. മുസ്‌ലിം വേൾഡ് ലീഗുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള മക്കയിലെ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി അംഗം, റിയാദ് മലാസ് ജില്ലയിലെ പ്രിൻസ് മിത്അബ് ബിൻ അബ്‌ദുൽ അസീസ് അൽ സൗദ് പള്ളിയിലെ ഇമാം, പ്രാഭാഷകൻ, അധ്യാപകൻ, ഹജ് വേളകളിലെ പ്രഭാഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റി അംഗം, സൗദി സർവകലാശാലകളിലെ അക്കാദമിക് പ്രബന്ധങ്ങളുടെ സൂപ്പർവൈസർ, ഇസ്‌ലാമിക കർമ്മശാസ്ത്രത്തെയും മത ശാസ്ത്രത്തെയും കുറിച്ചുള്ള നിരവധി പുസ്‌തകങ്ങളും രചിച്ചിട്ടുള്ള ശൈഖ് സാലിഹ് ബിൻ ഫൗസാൻ അറിവിനും പ്രബോധനത്തിനും വേണ്ടി ജീവിതം ജീവിതം സമർപ്പിച്ച പണ്ഡിതൻ കൂടിയയാണ്.
സൗദി ഗ്രാൻറ് മുഫ്‌തിയും ഉന്നത പണ്ഡിത സഭ മേധാവിയും ഫത്‌വ കമ്മിറ്റി ചെയര്മാനുമായിരുന്ന ശൈഖ് അബ്‌ദുൽ അസീസ് ആൽ ശൈഖ് അന്തരിച്ച ഒഴിവിലേക്കാണ് ഡോ.സാലിഹ് ബിൻ ഫൗസാന്റെ നിയമനം



