ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്‌ണു ദേവ് വർമ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തെലങ്കാന മന്ത്രിസഭയിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ മന്ത്രിയാണ് അസറുദ്ദീൻ. ഇതോടെ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 16 ആയി. തെലങ്കാന മന്ത്രിസഭയിൽ 18 മന്ത്രിമാർ വരെയാകാം.
ജൂബിലി ഹിൽസ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസറുദ്ദീന്റെ മന്ത്രിസഭാ പ്രവേശം. മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം മുസ്‌ലിം വോട്ടർമാരുള്ളതിനാൽ ഈ നീക്കം കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ, തന്റെ മന്ത്രിസ്ഥാനം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം അസറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തം സത്യസന്ധമായി നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തെലങ്കാന സർക്കാരിന്റെ ഈ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ എം.എൽ.എയോ എം.എൽ.സിയോ അല്ലാത്ത അസറുദ്ദീനെ ഗവർണറുടെ ക്വാട്ടയിൽ എം.എൽ.സി.യായി നാമനിർദ്ദേശം ചെയ്യാൻ നേരത്തെ സർക്കാർ ശുപാർശ നൽകിയിരുന്നു. മന്ത്രിയായി തുടരണമെങ്കിൽ ആറ് മാസത്തിനുള്ളിൽ അദ്ദേഹം നിയമസഭാംഗത്വം നേടേണ്ടതുണ്ട്.



