റിയാദ്: സൗദി അറേബ്യയുടെ സാംസ്‌കാരിക സ്വാധീനം ആഗോളതലത്തിൽ ശക്തിപ്പെടുത്തിക്കൊണ്ട്, യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക് (UCCN) പട്ടികയിൽ മദീനയും റിയാദും ഇടം നേടി. ലോക നഗര ദിനത്തിലാണ് സുസ്ഥിര നഗര വികസനത്തിനായി സർഗ്ഗാത്മകത പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയെ അംഗീകരിച്ച് 58 പുതിയ നഗരങ്ങളെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയത്. പുണ്യനഗരമായ മദീനയെ ഗ്യാസ്ട്രോണമിക് ക്രിയേറ്റീവ് സിറ്റി (പാചകകല) ആയും സൗദി തലസ്ഥാനമായ റിയാദിനെ ഡിസൈനിംഗ് ക്രിയേറ്റീവ് സിറ്റി (രൂപകൽപ്പന) ആയുമാണ് യുനെസ്കോ നാമകരണം ചെയ്‌തത്.
മദീന യുനെസ്കോയുടെ ഗ്യാസ്ട്രോണമി പദവി ലഭിക്കുന്ന രണ്ടാമത്തെ സൗദി നഗരമാണ് (ബുറൈദയാണ് ആദ്യത്തേത്). പ്രാദേശിക പാചക പൈതൃകവും ഫലഭൂയിഷ്ഠമായ അഗ്നിപർവ്വത മണ്ണിൽ നിന്നുള്ള കാർഷിക വൈവിധ്യവുമാണ് മദീനയുടെ തനതായ പാചകരീതിക്ക് രൂപം നൽകിയത്. പുരാതന തീർത്ഥാടന-വ്യാപാര പാതകളിൽ സ്ഥിതി ചെയ്യുന്ന മദീന സംസ്കാരങ്ങളുടെയും രുചികളുടെയും സംഗമസ്ഥാനമായി രൂപാന്തരപ്പെട്ടു.
ഈ അംഗീകാരം നഗരത്തിൻ്റെ പാചക ടൂറിസവും ആഗോള അംഗീകാരവും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, സർഗ്ഗാത്മകത, വാസ്തുവിദ്യ, നവീകരണം എന്നിവയ്ക്കുള്ള പ്രാദേശിക കേന്ദ്രമെന്ന നിലയിൽ റിയാദിൻ്റെ പങ്ക് ഡിസൈൻ നഗര പദവി അടിവരയിടുന്നു. നഗരവികസനത്തിൽ സർഗ്ഗാത്മകതയ്ക്ക് പ്രാധാന്യം നൽകി റിയാദിനെ ഒരു ആഗോള മാതൃകയാക്കാനുള്ള രാജ്യത്തിൻ്റെ അഭിലാഷമാണ് ഈ അംഗീകാരത്തിൽ പ്രതിഫലിക്കുന്നത്. ഈ നേട്ടങ്ങൾ സംസ്കാരവും സർഗ്ഗാത്മകതയും സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാക്കുക എന്ന സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതാണ്.



