സെന്റിനറി സ്മാരകം: 100 സാംസ്കാരിക കേന്ദ്രങ്ങൾ നിർമ്മിക്കാൻ ഐസിഎഫ്

റിയാദ്: സമസ്തയുടെ നൂറാം വാർഷിക സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പിന്നോക്ക പ്രദേശങ്ങളിൽ 100 സാംസ്കാരിക കേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് ഐസിഎഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) ഇന്റർനാഷണൽ കൗൺസിൽ പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് നിർവഹിച്ചത്

നൂറാം വാർഷികത്തിന്റെ ശാശ്വതമായ സ്മാരകോപഹാരമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കായി ഈ കേന്ദ്രങ്ങൾ ഒരുക്കുന്നതന്ന് ഐസിഎഫ് ഇന്റർനാഷണൽ കൗൺസിൽ അറിയിച്ചു

ക്യാമ്പസുകൾ, മസ്ജിദുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ലൈബ്രറികൾ, ഡി-അഡിക്ഷൻ സെന്ററുകൾ, ജനക്ഷേമ കേന്ദ്രങ്ങൾ തുടങ്ങിയ സമഗ്ര സംവിധാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കുക. സമസ്ത സെന്റിനറി കോൺഫറൻസിനോടനുബന്ധിച്ച് പ്രവാസി മലയാളികളുടെ കാരുണ്യവും സാമൂഹിക പ്രതിബദ്ധതയും അടയാളപ്പെടുത്തുന്ന വലിയൊരു നാഴികക്കല്ലായിരിക്കും ഈ പദ്ധതിയെന്ന് നേതൃത്വം വ്യക്തമാക്കി.

2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറി കോൺഫറൻസിനോടനുബന്ധിച്ച് ഈ സ്മാരകോപഹാരങ്ങളുടെ ഒന്നാം ഘട്ടം നാടിന് സമർപ്പിക്കും. പദ്ധതിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും കേരള മുസ്‌ലിം ജമാഅത് നേതാക്കളും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

ഐസിഎഫ് ഇന്റർനാഷണൽ കൗൺസിൽ സംഘടിപ്പിച്ച പ്രസ്തുത സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത ജനറൽ സെക്രട്ടറിയുമായ കാന്തപുരം ഏ പി അബൂബക്കർ മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുൽ റഹിമാൻ സഖാഫി, വണ്ടൂർ അബ്ദുൽ റഹിമാൻ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂർ തുടങ്ങിയ പ്രമുഖ സാദാത്തുക്കളും നേതാക്കളും പണ്ഡിതരും പരിപാടിയിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles