പെട്രോളിൽ അമിത എഥനോൾ കലർത്തൽ: സംസ്ഥാനത്തെ പമ്പുകളിൽ വ്യാപക പരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പെട്രോൾ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ എഥനോൾ കലർത്തി വിൽപന നടത്തുന്നുവെന്ന പരാതികൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടു. പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അടിയന്തര പരിശോധനകൾ നടത്തുന്നതിനായി കർശന നിർദേശം നൽകിയത്.

മുഖ്യമന്ത്രിയുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്ക് ശേഷമാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. ഇതിന്റെ ഒന്നാം ഘട്ടമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ വിവിധ ഇന്ധന പമ്പുകളിൽ നിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് ലീഗൽ മെട്രോളജി, കെമിക്കൽ എക്സാമിനേഷൻ വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തിയതായി കണ്ടെത്തിയാൽ കുറ്റക്കാരായ പമ്പ് ഉടമകൾക്കും വിതരണക്കാർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.

അയൽസംസ്ഥാനമായ കർണാടകയിലെ നിരവധി കേന്ദ്രങ്ങളിൽ പെട്രോളിൽ നിർദിഷ്ട മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അമിതമായി എഥനോൾ ചേർത്തതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇത് വാഹനങ്ങളുടെ എഞ്ചിൻ തകരാറുകൾക്കും ഇന്ധനക്ഷമത കുറയുന്നതിനും കാരണമാകുന്നുവെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ജാഗ്രത ശക്തമാക്കാനും സമാനരീതിയിലുള്ള പരിശോധനകൾ നടത്താനും വകുപ്പ് തീരുമാനിച്ചത്.

Related Articles

- Advertisement -spot_img

Latest Articles