ബെംഗളൂരു: സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് വെള്ളക്കടലാസുകളിൽ മരുന്നുകൾ എഴുതി നൽകി പുറത്തുള്ള ഫാർമസികളിൽ നിന്ന് വാങ്ങാൻ നിർദേശിക്കുന്ന രീതി കർശനമായി അവസാനിപ്പിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ്. നിർദേശം ലംഘിക്കുന്ന സർക്കാർ ഡോക്ടർമാർക്കും സ്വകാര്യ ഫാർമസികൾക്കുമതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സർക്കാർ ആശുപത്രികളിൽ എത്തുന്ന നിർധനരായ രോഗികൾക്ക് ആവശ്യമായ ഗുണമേന്മയുള്ള മരുന്നുകൾ സൗജന്യമായി ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളുള്ളപ്പോൾ, വെള്ളക്കടലാസുകളിൽ കുറിപ്പടി എഴുതിനൽകി രോഗികളെ പുറത്തേക്ക് അയക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറിപ്പടികൾ ഉപയോഗിച്ച് സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ വഴി അനധികൃതമായി മരുന്ന് വിൽക്കുന്ന കേന്ദ്രങ്ങൾക്കെതിരെയും നടപടിയുണ്ടാകും. അംഗീകൃത ലെറ്റർഹെഡ് ഇല്ലാതെ മരുന്ന് വിതരണം ചെയ്യുന്ന സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുമെന്നും ഉത്തരവിലുണ്ട്.
പൊതുജനാരോഗ്യ മേഖലയിൽ ഒരുതരത്തിലുള്ള നിരുത്തരവാദിത്വവും വെച്ചുപൊറുപ്പിക്കില്ലെന്നും, സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ സുതാര്യമായി പാവപ്പെട്ട രോഗികളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുതിർന്ന ഉദ്യോഗസ്ഥർ കർശന നിരീക്ഷണം നടത്തണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.



