റിയാദ്: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സൗദി തൊഴിൽ വകുപ്പ് പുതിയ കർശന നിയന്ത്രണങ്ങൾ പുറത്തിറക്കി. ജോലിസമയം, വിശ്രമം, ആഴ്ചയിലെ അവധി എന്നിവയിൽ ഇനി ഈ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം.
ജീവനക്കാർക്ക് ആഴ്‌ചയിൽ ഒരു ദിവസം നിർബന്ധമായും അവധി നൽകണം. ഈ അവധി ദിവസം പണം നൽകിപ്പോലും ജീവനക്കാരെ ജോലി ചെയ്യിക്കാൻ പാടില്ല. തൊഴിലാളിക്ക് പൂർണ്ണ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.
ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലിസ്ഥലത്ത് തങ്ങാൻ പാടില്ല. കൂടാതെ, തൊഴിലാളികളെ തുടർച്ചയായി അഞ്ച് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കാനും പാടില്ല.
ജോലി സമയത്തിനിടയിൽ പ്രാർഥനക്കും ഭക്ഷണത്തിനും വേണ്ടി കുറഞ്ഞത് 30 മിനിറ്റ് വിശ്രമ വേള നൽകണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഈ നിയമങ്ങൾ തൊഴിലുടമകൾ പാലിക്കാതിരുന്നാൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.



