ന്യൂഡൽഹി: ഡൽഹിയിൽ നടപ്പിലാക്കിയ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) മറവിൽ വൻതോതിൽ വോട്ടുകൾ വെട്ടിമാറ്റിയതായി ‘ദി റിപ്പോർട്ടേഴ്‌സ് കളക്‌ടീവ്’ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തൽ. സർക്കാർ നടപടികളിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട ചേരി നിവാസികളാണ് ഇതിന്റെ പ്രധാന ഇരകൾ. നഗരത്തിലെ ചേരികളും കുടിലുകളും തകർത്ത പ്രദേശങ്ങളിലെ വോട്ടർമാരിൽ ഭൂരിഭാഗം പേരുടെയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുകയാണ്.
കുടിയൊഴിപ്പിക്കൽ നേരിട്ട ഒൻപത് പ്രധാന പോളിങ് ബൂത്തുകളിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. ഈ ബൂത്തുകളിൽ ആകെ ഉണ്ടായിരുന്ന 10,015 വോട്ടർമാരിൽ 8,800 പേരുടെയും (87.87 ശതമാനം) പേരുകൾ നീക്കം ചെയ്യപ്പെട്ടു. സർക്കാർ പുനരധിവസിപ്പിച്ച പ്രവിശ്യകളിൽ താമസമാക്കിയവർ പുതിയ വിലാസങ്ങൾ കൈമാറിയിരുന്നെങ്കിലും പരിഷ്കരണ പ്രക്രിയയിൽ അവയൊന്നും അംഗീകരിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻപ് 1.45 കോടി വോട്ടർമാരുണ്ടായിരുന്ന ഡൽഹിയിൽ, വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മരണപ്പെട്ടവർ, മാറിത്താമസിച്ചവർ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി 47.6 ലക്ഷം പേരെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യം തന്നെ ഒഴിവാക്കിയിരുന്നു. തുടർന്ന് ഡ്രാഫ്റ്റ് പട്ടികയിലുണ്ടായിരുന്ന 31.6 ലക്ഷം ആളുകളോട് യോഗ്യത തെളിയിക്കാൻ നോട്ടീസും അയക്കുകയുണ്ടായി.
ഡൽഹിയിലെ ആകെ 14,947 പോളിങ് ബൂത്തുകളിൽ 51 എണ്ണത്തിൽ മാത്രമാണ് കമീഷന്റെ ‘രണ്ട് ശതമാനം ഡിലീഷൻ പരിധി’ പാലിക്കപ്പെട്ടത് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. 639 ബൂത്തുകളിൽ പകുതിയിലധികം വോട്ടർമാരും പട്ടികയ്ക്ക് പുറത്തായി. ഒരു ബൂത്തിൽ രണ്ടു ശതമാനത്തിൽ കൂടുതൽ പേരുകൾ ഒഴിവാക്കുമ്പോൾ ഇലക്‌ടറൽ റജിസ്ട്രേഷൻ ഓഫീസർ വ്യക്തിപരമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന കർശന മാർഗ്ഗനിർദ്ദേശം നിലനിൽക്കെയാണ് ഈ ലംഘനം. ചേരി നിവാസികളെ സംബന്ധിച്ചിടത്തോളം വോട്ടവകാശം നഷ്ടപ്പെടുന്നത് വോട്ട് ചെയ്യാനുള്ള അവകാശത്തെ മാത്രമല്ല ബാധിക്കുന്നത്; അതത് പ്രദേശങ്ങളിലെ താമസരേഖയായും വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനാൽ സർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികൾ ലഭിക്കുന്നതിനും ഇത് വൻ തിരിച്ചടിയാകും.



