സമസ്ത ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാർ; ട്രഷററായി എം.ടി അബ്ദുല്ല മുസ്‌ലിയാരെയും തിരഞ്ഞെടുത്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ (ഇ കെ വിഭാഗം) പുതിയ ജനറൽ സെക്രട്ടറിയായി പ്രമുഖ പണ്ഡിതനും സംഘാടകനുമായ കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. അന്തരിച്ച പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ ജനറൽ സെക്രട്ടറിയുടെ നിയമനം. കോഴിക്കോട്ട് ചേർന്ന സമസ്തയുടെ പരമോന്നത നിർണ്ണായക സമിതിയായ മുശാവറ യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. നിലവിൽ ട്രഷററായി പ്രവർത്തിച്ചു വരികയായിരുന്ന കൊയ്യോട് ഉമർ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയായതിനെ തുടർന്ന് ഒഴിവുവന്ന ട്രഷറർ പദവിയിലേക്ക് എം.ടി. അബ്ദുല്ല മുസ്‌ലിയാരെയും ചുമതലപ്പെടുത്തി.

സംഘനടയുടെ ഭാരവാഹിത്വത്തിൽ വലിയ മാറ്റങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്. വൈസ് പ്രസിഡന്റുമാരായി എ.വി. അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ എന്നിവരെയും ജോയിന്റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങരയെയും തിരഞ്ഞെടുത്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിനെ തുടർന്ന് സംഘടനയിൽ പുതിയ അമരക്കാരനെ കണ്ടെത്താനായി ചേർന്ന യോഗം ഏറെ പ്രാധാന്യത്തോടെയാണ് വിശ്വാസി സമൂഹം വീക്ഷിച്ചിരുന്നത്. സമസ്തയുടെ ഔദ്യോഗിക പ്രതിനിധികളും സമസ്ത മുശാവറ അംഗങ്ങളും ചേർന്നാണ് പുതിയ ഭാരവാഹി നിരയെ പ്രഖ്യാപിച്ചത്. പുതിയ നേതൃത്വത്തിന് കീഴിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles