റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ (ഗാർഹിക ഡ്രൈവർ) വിസയിൽ എത്തുന്ന തൊഴിലാളികൾക്ക് ഇന്ത്യയിൽ നിന്നുള്ള സ്കിൽ ടെസ്റ്റ് (Skill Test) നിർബന്ധമാക്കി. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം’ (SVP) വഴിയാണ് നിർബന്ധിത പരീക്ഷ സംഘടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു.
സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ ‘മുസാനിദിൽ’ സ്കിൽ ടെസ്റ്റ് ഓപ്ഷൻ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ സിസ്റ്റം വഴി വിസ സ്റ്റാമ്പിങ് അടക്കമുള്ള തുടർന്നുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. അതേസമയം, ഹൗസ് ഡ്രൈവർ അല്ലാത്ത മറ്റ് ഗാർഹിക വിസകൾക്ക് നിലവിൽ ഈ പരീക്ഷ നിർബന്ധമാക്കിയിട്ടില്ല.
തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന രണ്ട് ഘട്ടങ്ങളായാണ് സ്കിൽ ടെസ്റ്റ് നടത്തുന്നത്. പരീക്ഷയിൽ വിജയിക്കുന്ന അപേക്ഷകരുടെ വിവരങ്ങൾ സൗദി മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിൽ നേരിട്ട് ലഭ്യമാകും. നിലവിൽ കേരളത്തിൽ കൊച്ചിയിലാണ് അംഗീകൃത പരീക്ഷാകേന്ദ്രമുള്ളത്. ഇതുകൂടാതെ ബംഗളൂരു, മുംബൈ, മധുരൈ, ലഖ്നൗ, ഗാസിയാബാദ്, അജ്മീർ, അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലും സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയുള്ള പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.



