ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (JNU) കാമ്പസിനുള്ളിൽ പെൺകുട്ടിക്ക് നേരെ പുറത്തു നിന്നെത്തിയവരുടെ അതിക്രമം. തിങ്കളാഴ്ച രാത്രി കാമ്പസിലെ സബർമതി ധാബയിൽ നിന്നും താപ്തി ഹോസ്റ്റലിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് കാറിലെത്തിയ രണ്ട് അപരിചിതർ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചത്. പ്രതികൾ മദ്യപിക്കാൻ ക്ഷണിക്കുകയും മദ്യ ലഹരിയിൽ പെൺകുട്ടിയോട് മോശമായി പെരുമാറുകയുമായിരുന്നുവെന്ന് സാക്ഷികൾ വ്യക്തമാക്കുന്നു. സംഭവം നടന്നയുടൻ പെൺകുട്ടി കാമ്പസ് സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളും പ്രക്ഷോഭകരും സ്ഥലത്തുവെച്ച് പ്രതിഷേധമുയർത്തി.
ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ (JNUSU) ഭാരവാഹികളും വിവിധ സംഘടനകളും സ്ഥലത്തെത്തി സമരം ആരംഭിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് ഡൽഹി പോലീസ് കാമ്പസിലെത്തി രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വയ്ക്കുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പെൺകുട്ടി ഇതുവരെ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും യൂണിവേഴ്സിറ്റി സെക്യൂരിറ്റി വിഭാഗത്തിന്റെ പരാതിയിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, പുറത്തുനിന്നുള്ള വ്യക്തികൾക്കും വാഹനങ്ങൾക്കും യാതൊരു നിയന്ത്രണവുമില്ലാതെ കാമ്പസിനുള്ളിലേക്ക് കടന്നുവരാൻ സാധിക്കുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. കാമ്പസിനുള്ളിലെ തെരുവ് വിളക്കുകളുടെ അഭാവവും സെക്യൂരിറ്റി ജീവനക്കാരുടെ കുറവും പരിഹരിക്കണമെന്നും, പ്രതികൾക്ക് കാമ്പസിലേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തു കൊടുത്തവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കാമ്പസിൽ പ്രതിഷേധം തുടരുകയാണ്.



