വാഷിങ്ടൺ: ഇറാന് എതിരായ സൈനിക നീക്കങ്ങൾക്കായി പശ്ചിമേഷ്യൻ കടലിൽ വിന്യസിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പൽ ‘യു.എസ്.എസ് അബ്രഹാം ലിങ്കൺ’ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ദൗത്യത്തിനിടെ ആത്മഹത്യക്ക് ശ്രമിച്ചതായി യു.എസ് നാവികസേനയുടെ സ്ഥിരീകരണം. മാസങ്ങൾ നീണ്ട കഠിനമായ സൈനിക ദൗത്യവും, കപ്പലിലെ മോശം ഭക്ഷണ-ശൗചാലയ സൗകര്യങ്ങളും, കടുത്ത മാനസികസമ്മർദ്ദവുമാണ് നാവികരെ ഈ അടിയന്തര ഘട്ടത്തിലേക്ക് നയിച്ചതെന്ന് ആക്ടിങ് നേവി സെക്രട്ടറി ഹംഗ് കാവോ വെളിപ്പെടുത്തി. ഡെമോക്രാറ്റിക് സെനറ്റർ കിർസ്റ്റൺ ഗില്ലിബ്രാൻഡിന് അയച്ച ഔദ്യോഗിക കത്തിലാണ് നാവികസേന ഇത് രേഖാമൂലം അറിയിച്ചത്.
സുദീർഘമായ മിഡിൽ ഈസ്റ്റ് ദൗത്യത്തിനിടയിൽ കപ്പലിലെ ജീവനക്കാരുടെ ആത്മീയവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റാൻ അഞ്ച് ചാപ്ലെയിൻമാരും നിരവധി മനഃശാസ്ത്ര വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. എന്നിരുന്നാലും, അബ്രഹാം ലിങ്കൺ കപ്പൽ ക്രൂ, എയർവിംഗ്, ഡിസ്ട്രോയർ സ്ക്വാഡ്രൺ എന്നിവയിലെയടക്കം എട്ട് ഉദ്യോഗസ്ഥരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നാവികരിൽ രണ്ടുപേർ കടലിലേക്ക് ചാടാൻ ശ്രമിച്ചെങ്കിലും സഹപ്രവർത്തകരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും, ഭാഗ്യവശാൽ ആരും മരണപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ, 5,000-ത്തോളം സൈനികരുള്ള കപ്പലിൽ കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയുണ്ടെന്ന വാർത്തകൾ യു.എസ് ഭരണകൂടവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തള്ളിക്കളയുകയും വ്യാജ പ്രചാരണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, സൈനികരുടെ കുടുംബങ്ങൾ ഉയർത്തിയ പരാതികൾ ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കപ്പലിൽ കുടിവെള്ള സംസ്കരണ പ്ലാന്റുകളിലെ തകരാറും ഭക്ഷണ വിതരണത്തിലെ കുറവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്ന് നാവികസേന സമ്മതിച്ചു. സ്വന്തം സൈനികരോട് കാണിച്ച ഈ മനോഭാവം തികച്ചും അസ്വീകാര്യമാണെന്ന് സെനറ്റർ ഗില്ലിബ്രാൻഡ് രൂക്ഷമായി വിമർശിച്ചു.
കഴിഞ്ഞ നവംബറിൽ കാലിഫോർണിയയിൽ നിന്ന് പുറപ്പെട്ട് ഫെബ്രുവരി മുതൽ പശ്ചിമേഷ്യയിൽ വിന്യസിക്കപ്പെട്ട കപ്പൽ, തുറമുഖങ്ങളിൽ വിശ്രമമില്ലാതെ ഒമ്പത് മാസത്തിലധികം തുടർച്ചയായി ദൗത്യം നിർവ്വഹിച്ച ശേഷമാണ് ഇപ്പോൾ കാലിഫോർണിയയിലെ സാൻഡിയോഗോ ഹോംപോർട്ടിലേക്ക് മടങ്ങുന്നത്. യു.എസ് നാവികസേനയിലും മറൈൻസിലും സേനാംഗങ്ങളുടെ പ്രധാന മരണകാരണങ്ങളിലൊന്ന് ആത്മഹത്യയാണെന്നും, കടുത്ത ശബ്ദശല്യവും വിശ്രമമില്ലായ്മയും ഇത്തരത്തിലുള്ള ആത്മഹത്യാ പ്രവണത വർദ്ധിപ്പിക്കുന്നതായും മുൻ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. .



