ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസക്ക് സമീപം വാഹനാപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. മുണ്ടക്കയം പുഞ്ചവയൽ 504 നഗർ ഇടപ്പള്ളിൽ വീട്ടിൽ വെസ്‌ലി ജോൺസൺ (ജോമോൻ, 33) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വെസ്‌ലി ജോലിയുടെ ഭാഗമായി അൽ അഹ്‌സയിലേക്ക് പോയതായിരുന്നു. വെസ്‌ലി ഓടിച്ച മിനി ട്രക്കിൻ്റെ ഡ്രൈവർ കാബിൻ അപകടത്തിൽ പൂർണമായും തകർന്നു.
വിവാഹം കഴിക്കുന്നതിനായി അടുത്ത ജനുവരിയിൽ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു അവിവാഹിതനായ വെസ്‌ലി. രണ്ട് വർഷം മുൻപാണ് അദ്ദേഹം സൗദിയിൽ എത്തിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.35-ന് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. ജോൺസൺ, ജെസ്സി എന്നിവരാണ് വെസ്‌ലിയുടെ മാതാപിതാക്കൾ. ടി.എസ്. രേഷ്മ ഏക സഹോദരിയാണ്.



