തിരുവനന്തപുരം: ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ വിധി പറയും. കേസിലെ അന്തിമ വാദം ഇന്ന് അടച്ചിട്ട മുറിയിൽ നടന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ 10 മുതൽ 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ജാമ്യം നൽകുന്നതിനെ പോലീസ് ശക്തമായി എതിർക്കുന്നുണ്ട്. കേസിൽ രാഹുലും യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. അതേസമയം, തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വാദിച്ച് രാഹുലും മുദ്രവച്ച കവറിൽ തെളിവുകൾ കോടതിക്ക് നൽകിയിട്ടുണ്ട്.
പോലീസ് കേസെടുത്തതിന് ശേഷം ഏഴ് ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. ജാമ്യം നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ ഉടൻതന്നെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം.



