കൊച്ചി: തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ ‘കാസ’ (CASA) ബി.ജെ.പി ഉൽപ്പന്നമാണെന്നും, അവർക്ക് ഫണ്ട് ചെയ്യുന്നത് ബി.ജെ.പിയാണെന്നും കോൺഗ്രസ് നേതാവും കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ ചെയർമാനുമായ ഹൈബി ഈഡൻ എം.പി. ആരോപിച്ചു. വർഗീയ ധ്രുവീകരണമാണ് ഇവരുടെ പ്രധാന ലക്ഷ്യം. ക്രൈസ്തവർ വിശ്വസിക്കുന്ന വിശുദ്ധമായ ഒരു സംഘത്തിൻ്റെ പേര് ഈ സംഘടനക്ക് ഉപയോഗിക്കാൻ പാടില്ലെന്നും, അവരെ സി.എ.എസ്.എ എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പള്ളുരുത്തി സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ താൻ സ്വീകരിച്ചത് സാമുദായിക സൗഹാർദം നിലനിൽക്കണം എന്നതിൻ്റെ അടിസ്ഥാനത്തിലുള്ള നിലപാടായിരുന്നുവെന്നും, അവസരം മുതലെടുക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റുകൾക്ക് വളം വെച്ചുകൊടുക്കേണ്ട എന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ആർ.എസ്.എസ് കഴിഞ്ഞ കാൽനൂറ്റാണ്ടായി ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അകറ്റാനുള്ള ശ്രമങ്ങൾ കേരളത്തിൽ നടത്തുന്നുണ്ടെന്നും ഇത് തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പരിധി വരെ വിജയിച്ചതായും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.



