റിയാദ്: ഏകദേശം നൂറോളം വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യയിലെ മണലാരണ്യത്തിലേക്ക് ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷികളെ വീണ്ടും എത്തിച്ചു. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് വന്യജീവി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായുള്ള സുപ്രധാന നീക്കം നടത്തിയത്. വംശനാശം സംഭവിച്ച അറേബ്യൻ ഒട്ടകപ്പക്ഷികൾക്ക് പകരമായാണ് അവയോട് ജൈവികമായി ഏറ്റവും സാമ്യമുള്ള ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷികളെ (നോർത്ത് ആഫ്രിക്കൻ ഓസ്ട്രിച്ച്)) ഇവിടെ തുറന്നുവിട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും കാരണമാണ് അറേബ്യൻ ഉപദ്വീപിൽ നിന്ന് ഒട്ടകപ്പക്ഷികൾക്ക് വംശനാശം സംഭവിച്ചത്.
ആദ്യഘട്ടത്തിൽ അഞ്ച് ഒട്ടകപ്പക്ഷികളെയാണ് 24,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള റിസർവിലേക്ക് തുറന്ന് വിട്ടത്. റിസർവിലെ ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിനായി നടപ്പിലാക്കുന്ന റീവൈൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി വീണ്ടും എത്തിക്കാൻ ഉദ്ദേശിക്കുന്ന 23 തദ്ദേശീയ ജീവിവർഗങ്ങളിൽ പന്ത്രണ്ടാമത്തേതാണ് ഒട്ടകപ്പക്ഷികൾ. ഒട്ടകപ്പക്ഷികൾ’ എന്ന് ചരിത്രപരമായി വിളിക്കപ്പെട്ടിരുന്ന ഈ പക്ഷികൾ വിത്തുകൾ വിതറുന്നതിനും പ്രാണികളുടെ നിയന്ത്രണത്തിനും പുൽമേടുകളുടെ ആരോഗ്യ സംരക്ഷണത്തിനും വലിയ പങ്ക് വഹിക്കുന്നവയാണ്. ആവാസവ്യവസ്ഥയുടെ പൂർണ്ണമായ വീണ്ടെടുപ്പിന് ഇത്തരം ജീവിവർഗങ്ങളുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് റിസർവ് സിഇഒ ആൻഡ്രൂ സലൂമിസ് വ്യക്തമാക്കി.
സൗദി വിഷൻ 2030-ന്റെയും സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്ത് നിന്ന് കണ്ടെത്തിയ പുരാതന ശിലാലിഖിതങ്ങളിൽ ഒട്ടകപ്പക്ഷികളുടെ ചിത്രങ്ങൾ ഉള്ളത് ഇവ ഈ മേഖലയിൽ പണ്ട് വലിയ തോതിൽ വസിച്ചിരുന്നു എന്നതിന്റെ തെളിവായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടും വംശനാശഭീഷണി നേരിടുന്ന ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷികളുടെ സംരക്ഷണത്തിനും ഈ പദ്ധതി വലിയ സഹായമാകും.



