തിരുവനന്തപുരം: തടവുകാർക്ക് വഴിവിട്ട സഹായങ്ങൾ നൽകാനും പരോൾ അനുവദിക്കാനുമായി ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ കർശന നടപടിക്ക് സർക്കാർ ഒരുങ്ങുന്നു. ഡിഐജിയെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തുകൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.
അതീവ സുരക്ഷാ ജയിലുകളിലെ കുപ്രസിദ്ധ കുറ്റവാളികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി പണം വാങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ 75 ലക്ഷത്തോളം രൂപ എത്തിയതായും വിജിലൻസ് സ്ഥിരീകരിച്ചു.
തന്റെ അധികാരപരിധിക്ക് പുറത്തുള്ള ജയിലുകളിൽ പോലും വിനോദ് കുമാർ രാത്രികാലങ്ങളിൽ സന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ടിലുണ്ട്. തടവുകാർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനും ലഹരി വസ്തുക്കൾ ജയിലിലെത്തിക്കാനും ഡിഐജി ഒത്താശ ചെയ്തതായും സംശയിക്കുന്നു. പരോൾ നടപടികൾ വേഗത്തിലാക്കാൻ 1.80 ലക്ഷം രൂപ ഇദ്ദേഹം കൈക്കൂലിയായി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.
വിനോദ് കുമാറിനെതിരെ നേരത്തെയും അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. വിനോദ് കുമാറിന്റെ പക്കൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് ഉള്ളതായും സൂചനയുണ്ട്. ഇതേപ്പറ്റി വിജിലൻസ് സ്‌പെഷ്യൽ സെൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജയിൽ മേധാവി കഴിഞ്ഞാൽ വകുപ്പിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ തന്നെ ഇത്തരം ക്രിമിനൽ ഇടപാടുകളിൽ പങ്കാളിയായത് ജയിൽ വകുപ്പിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.



