ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ ശമിക്കുന്നു; എങ്കിലും യൂറോപ്പിൽ ജാഗ്രത തുടരുന്നു, ആഗോളതാപനത്തിൽ ആശങ്ക

മാഡ്രിഡ് / പാരിസ്: ഫ്രാൻസിലും സ്പെയിനിലും വൻ നാശനഷ്ടം വിതച്ച കാട്ടുതീയുടെ തീവ്രത കുറയുന്നതായി റിപ്പോർട്ട്. ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാനും ആകാശത്ത് കറുത്ത പുകപടലങ്ങൾ ഉയരാനും കാരണമായ കാട്ടുതീയുടെ വ്യാപനം നിലവിൽ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും, കൂടുതൽ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാൻ യൂറോപ്പിലുടനീളമുള്ള അഗ്നിശമന സേനാംഗങ്ങൾ ഇപ്പോഴും പോരാട്ടം തുടരുകയാണ്. രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ശക്തമായ ഉഷ്ണതരംഗം വീണ്ടും കാട്ടുതീ പടർന്നുപിടിക്കാൻ കാരണമായേക്കുമെന്ന ആശങ്കയും ശക്തമാണ്.

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജിറോണ്ട് മേഖലയിലും പർവ്വതമേഖലയായ വാറിലും പതിനായിരക്കണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. 1949-ന് ശേഷം ഫ്രാൻസ് കണ്ട ഏറ്റവും വലിയ കാട്ടുതീ ഇപ്പോൾ പൂർണ്ണമായും കെടുത്തിയിട്ടില്ലെങ്കിലും നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. അതേസമയം, മധ്യ സ്പെയിനിൽ മാഡ്രിഡിന് സമീപമുണ്ടായ കാട്ടുതീ ശമിച്ചതോടെ ഒഴിപ്പിക്കപ്പെട്ട നിരവധി പ്രദേശവാസികൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നിരുന്നാലും ലിയോൺ , കാസറെസ് തുടങ്ങിയ പ്രവിശ്യകളിൽ പുതിയ കാട്ടുതീ പടരുന്നത് തടയാനുള്ള പരിശ്രമത്തിലാണ് സേനാംഗങ്ങൾ.

ലോകത്ത് ഏറ്റവും വേഗത്തിൽ താപനില ഉയരുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത ചൂടും ദീർഘകാല വരൾച്ചയും ശക്തമായ കാറ്റും തെക്കൻ യൂറോപ്പിനെ, പ്രത്യേകിച്ച് ഫ്രാൻസിനെയും സ്പെയിനെയും, കാട്ടുതീ എളുപ്പത്തിൽ പടരുന്ന മേഖലയാക്കി മാറ്റുകയാണ്. 1980-കളുടെ ആരംഭത്തിനു ശേഷം കാട്ടുതീക്ക് അനുകൂലമായ കാലാവസ്ഥയുള്ള വേനൽക്കാല ദിനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി വർദ്ധിച്ചതായി കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles