തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് വലിയ ആശ്വാസമേകുന്ന നിർണായക തീരുമാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്കും മുൻകൂട്ടി പുതുക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രണ്ട് സുപ്രധാന ഭേദഗതികൾ ഓഗസ്റ്റ് 15 മുതൽ നിലവിൽ വരും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ഈ ഭേദഗതി ഡ്രൈവർമാർ നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്.
1. 30 ദിവസത്തെ ഗ്രേസ് പിരീഡ് തിരിച്ചെത്തുന്നു:
ലൈസൻസ് കാലാവധി അവസാനിച്ചാലും ഇനി മുതൽ 30 ദിവസം വരെ പഴയ ലൈസൻസ് ഉപയോഗിച്ച് നിയമപരമായി വാഹനം ഓടിക്കാം. 1988-ലെ മോട്ടോർ വാഹന നിയമത്തിൽ ഉണ്ടായിരുന്ന ഈ ആനുകൂല്യം 2019-ലെ ഭേദഗതിയോടെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് പൊതുജനങ്ങൾക്ക് സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഗ്രേസ് പിരീഡ് സംവിധാനം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.
2. മുൻകൂട്ടി പുതുക്കിയാലും കാലാവധി നഷ്ടപ്പെടില്ല:
നിലവിൽ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് വരെ പുതുക്കാൻ സൗകര്യമുണ്ടെങ്കിലും, പുതിയ ലൈസൻസ് അനുവദിക്കുന്ന തീയതി മുതലായിരുന്നു കാലാവധി കണക്കാക്കിയിരുന്നത്. ഇത് മൂലമുണ്ടാകുന്ന മാസങ്ങളുടെ കാലാവധി നഷ്ടം ഒഴിവാക്കാൻ പുതിയ ഭേദഗതിയിലൂടെ സാധിക്കും. ഇനി മുതൽ എപ്പോൾ മുൻകൂട്ടി അപേക്ഷിച്ചാലും, നിലവിലെ ലൈസൻസിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതൽ മാത്രമേ പുതിയ ലൈസൻസിന്റെ കാലാവധി ആരംഭിക്കുകയുള്ളൂ.



