കോടതി നടപടികളുടെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾക്ക് വിലക്ക്; മാധ്യമ റിപ്പോർട്ടിങ്ങിന് തടസ്സമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സുപ്രീംകോടതി നടപടികളുടെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി സുപ്രീംകോടതി. അതേസമയം, കോടതി നടപടികൾ വാചികമായും വാർത്തകളായും റിപ്പോർട്ട് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് വ്യക്തമാക്കിയ കോടതി, മുൻ ഉത്തരവിലെ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കണ്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് മാധ്യമ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട ഈ സുപ്രധാന വിശദീകരണം നൽകിയത്.

അംഗീകൃത മാധ്യമങ്ങൾക്ക് കോടതിനടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈവ് സ്ട്രീമിങ്ങിന്റെയും റെക്കോർഡിങ്ങിന്റെയും നിയമസാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. രജിസ്ട്രാർ ജനറലിന്റെയോ സുപ്രീംകോടതി സെക്രട്ടറി ജനറലിന്റെയോ മുൻകൂർ അനുമതിയില്ലാതെ കോടതി നടപടികളുടെ ഓഡിയോ-വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രചരിപ്പിക്കാനോ, എഡിറ്റ് ചെയ്യാനോ, മോണിറ്റൈസ് (പണമാക്കാൻ) ചെയ്യാനോ പാടില്ലെന്ന് വ്യക്തമാക്കുന്ന ജൂലൈ 24-ലെ ഇടക്കാല ഉത്തരവിലെ നിയന്ത്രണങ്ങൾ മാധ്യമങ്ങൾക്ക് ബാധകമായിരിക്കും.

കോടതി നടപടികളുടെ ഭാഗികമായ ദൃശ്യങ്ങൾ സന്ദർഭത്തിൽ നിന്ന് മാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെയും ജനങ്ങളുടെ വിശ്വാസ്യതയെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകയായ ഹർഷിത ഗ്രോവർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ദൃശ്യങ്ങൾ പൂർണ്ണമായി നിരോധിക്കുന്നതിനെതിരെ വിവരാവകാശ പ്രവർത്തകർ നൽകിയ ഇടപെടൽ ഹരജിയും കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാറിനോടും ഇന്റർമീഡിയറികളോടും ഹൈകോടതികളോടും നിലപാട് വ്യക്തമാക്കാൻ നിർദേശിച്ച സുപ്രീംകോടതി, കേസിൽ തുടർന്നുള്ള വാദം കേൾക്കൽ സെപ്തംബർ 18-ലേക്ക് മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles