ന്യൂഡൽഹി: ലോകമെമ്പാടും അതിഗംഭീരമായ ആഘോഷങ്ങളോടെ പുതുവർഷത്തെ വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുലർച്ചെ പിറന്നത്. തുടർന്ന് ഓരോ രാജ്യങ്ങളും തനതായ രീതിയിൽ ആഘോഷങ്ങളിൽ പങ്കുചേർന്നു. ആകാശത്ത് വിസ്മയങ്ങൾ തീർത്ത വെടിക്കെട്ടുകളും കലാപരിപാടികളും ലോകമെങ്ങുമുള്ള നഗരങ്ങളിൽ പുതുവത്സര രാവിനെ ധന്യമാക്കി.
ഓസ്ട്രേലിയയിലെ സിഡ്നി ഹാർബർ ബ്രിഡ്ജിലും ഓപ്പറ ഹൗസിലും നടന്ന വെടിക്കെട്ട് പതിവുപോലെ ലോകശ്രദ്ധ പിടിച്ചുപറ്റി. ഇത്തവണത്തെ ആഘോഷങ്ങൾക്കൊപ്പം ഡിസംബർ 14-ന് ബോണ്ടി ബീച്ചിലുണ്ടായ ആക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ലണ്ടനിലെ ബിഗ് ബെൻ, എഡിൻബർഗ് കാസിൽ, പാരീസിലെ ആർക്ക് ഡി ട്രയംഫ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ ഇടങ്ങളിലും ആയിരക്കണക്കിന് ആളുകൾ ഒത്തുചേർന്ന് പുതുവർഷത്തെ എതിരേറ്റു.
ഏഷ്യൻ രാജ്യങ്ങളിലും ആഘോഷങ്ങൾ ഒട്ടും പിന്നിലായിരുന്നില്ല. ദുബായിലെ ബുർജ് ഖലീഫയിൽ നടന്ന പ്രകാശവിസ്മയവും സംഗീത പരിപാടികളും ലോകത്തെ ഞെട്ടിച്ചു. സിംഗപ്പൂരിലെ മറീന ബേ, ഹോങ്കോംഗ്, ബാങ്കോക്ക് എന്നിവിടങ്ങളിലും വർണ്ണാഭമായ ചടങ്ങുകൾ നടന്നു. ദക്ഷിണ കൊറിയയിലെ ലോട്ടെ വേൾഡ് ടവറിലും സോളിലെ ബോസിംഗാക്ക് പവലിയനിലും നടന്ന പുതുവത്സര ആഘോഷങ്ങൾ ശ്രദ്ധേയമായിരുന്നു.
വിവിധയിടങ്ങളിൽ വ്യത്യസ്തമായ ആചാരങ്ങളോടെയാണ് ജനങ്ങൾ പുതുവർഷത്തെ സ്വീകരിച്ചത്. ഡെന്മാർക്കിലെ തണുത്ത വെള്ളത്തിലുള്ള കുളിയും ജപ്പാനിലെ പരമ്പരാഗത ഷിന്റോ ആചാരങ്ങളും ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന നൃത്തപരിപാടികളും ശ്രദ്ധേയമായ ആഘോഷങ്ങളായാളിരുന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയർത്തിയാണ് ലോകം പുതിയൊരു വർഷത്തിലേക്ക് ചുവടുവെച്ചത്.



