റിയാദ്: സൗദി അറേബ്യയിലുടനീളം ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) അഥവാ പാചകവാതകത്തിന്റെ വില ഏകീകരിക്കാൻ ഒരുങ്ങി സൗദി ഊർജ്ജ മന്ത്രാലയം. 11 കിലോഗ്രാം സിലിണ്ടർ ഗ്യാസിന്റെ വില 26.23 റിയാലും അഞ്ച് കിലോഗ്രാം ഗ്യാസിന്റെ വില 11.93 റിയാലുമായിരിക്കും. 2026 ജനുവരി 1 മുതൽ ഈ പരിഷ്കാരം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
നിലവിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പാചകവാതകത്തിന് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഇത് ഒഴിവാക്കി രാജ്യമുടനീളം ഒരേ വില ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. വിപണിയിലെ മത്സരക്ഷമത വർദ്ധിപ്പിക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യമായ സേവനം നൽകാനും ഇത് സഹായിക്കും.
പുതിയ വില ഘടന നടപ്പിലാക്കുന്നതിനായി വിതരണക്കാർക്കും കമ്പനികൾക്കും മതിയായ സമയം നൽകും. ഇതിനായുള്ള സാങ്കേതികവും ഭരണപരവുമായ തയ്യാറെടുപ്പുകൾ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരികയാണ്.
പാചകവാതക വിതരണ രംഗത്ത് കൂടുതൽ സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുന്നതിലൂടെ വിതരണ ശൃംഖല മെച്ചപ്പെടുത്താനും കൂടുതൽ കാര്യക്ഷമമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിരക്കിൽ ഗ്യാസ് ലഭ്യമാകുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. നിലവിൽ ദൂരസ്ഥലങ്ങളിലേക്ക് ഗ്യാസ് എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ചിലവുകൾ കാരണം ചിലയിടങ്ങളിൽ വില കൂടുതലായിരുന്നു.
സൗദി അറേബ്യയുടെ ഊർജ്ജ മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം. 2026-ഓടെ വിപണിയിൽ കൂടുതൽ സ്ഥിരതയും ഗുണനിലവാരവും കൊണ്ടുവരാൻ മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നു.



