ഇൻഡോർ: പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ജനിച്ച മൂന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് ഇൻഡോറിൽ ദാരുണമായി മരണപ്പെട്ടു. മുൻസിപ്പൽ കോർപ്പറേഷൻ വിതരണം ചെയ്യുന്ന പൈപ്പ് വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ പാൽ കുടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻഡോറിലെ ഗൗരി നഗർ പ്രദേശത്താണ് ഹൃദയഭേദകമായ സംഭവം നടന്നത്. കുഞ്ഞിന് നൽകാനുള്ള പാൽപ്പൊടി മുൻസിപ്പൽ പൈപ്പ് വെള്ളത്തിൽ കലർത്തി നൽകിയതിന് പിന്നാലെ കുഞ്ഞിന് കടുത്ത വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു.
ദാരുണ സംഭവത്തിന് പിന്നാലെ നഗരസഭയ്ക്കും അധികൃതർക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ മലിനമായ വെള്ളം കുടിച്ച് ഗൗരി നഗറിൽ മാത്രം ഏകദേശം 15 ഓളം പേർ മരിച്ചതായാണ് നാട്ടുകാർ ആരോപിക്കുന്നത്. കുടിവെള്ള പൈപ്പുകളിൽ അഴുക്കുചാലിലെ വെള്ളം കലരുന്നുണ്ടെന്നും ഇത് പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും അവർ കുറ്റപ്പെടുത്തി. മലിനജലം മൂലം നിരവധി ആളുകൾ ഇപ്പോഴും ചികിത്സയിലാണെന്നും നാട്ടുകാർ പറയുന്നു.
മലിനമായ വെള്ളത്തിലൂടെ ഉണ്ടായ ഗുരുതരമായ അണുബാധയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ സംശയിക്കുന്നു. വിവാഹം കഴിഞ്ഞ് ഒരു പതിറ്റാണ്ടിന് ശേഷം തങ്ങൾക്ക് ലഭിച്ച ഏക മകൻ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഈ ദമ്പതികൾ.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുൻസിപ്പൽ അധികൃതർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഞ്ഞുങ്ങൾക്ക് നൽകുന്ന ആഹാരവും വെള്ളവും കൃത്യമായി തിളപ്പിച്ചാറ്റിയതാണെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും മുന്നറിയിപ്പ് നൽകി.



