കല്പറ്റ: വയനാട് മെഡിക്കൽ കോളേജിന് അനുവദിച്ച ഫണ്ട് മന്ത്രി ഒ.ആർ കേളു പാലം നിർമ്മാണത്തിനായി വകമാറ്റിയെന്ന് കോൺഗ്രസ് ആരോപിച്ചു. മെഡിക്കൽ കോളേജിലെ സി.ടി സ്കാനർ വാങ്ങുന്നതിനായി മാറ്റിവെച്ച തുകയാണ് തലപ്പുഴ-കാട്ടേരിക്കുന്ന് പാലം നിർമ്മാണത്തിനായി ഉപയോഗിക്കുന്നതെന്ന് കാണിക്കുന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് കോൺഗ്രസ് പുറത്തുവിട്ടു. വയനാട് മെഡിക്കൽ കോളേജിലെ സി.ടി സ്കാനർ കഴിഞ്ഞ ഒരു വർഷത്തോളമായി തകരാറിലായിരിക്കെയാണ് ഇത്തരത്തിൽ ഫണ്ട് വകമാറ്റുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ബജറ്റിൽ സി.ടി സ്കാനറിനായി അനുവദിച്ച 1.5 കോടി രൂപയും തൊണ്ടർനാട് ഫയർ സ്റ്റേഷൻ കെട്ടിടത്തിനായി നീക്കിവെച്ച ഒരു കോടി രൂപയും ഉൾപ്പെടെ ആകെ 2.5 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി വകമാറ്റിയത്. ഈ പ്രവൃത്തികൾ റദ്ദാക്കി തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായാണ് ആരോപണം. സാധാരണക്കാർക്ക് അത്യാവശ്യമായ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പകരം വികസന ഫണ്ട് സ്വന്തം താൽപ്പര്യങ്ങൾക്കായി മന്ത്രി ഉപയോഗിക്കുന്നുവെന്നാണ് യു.ഡി.എഫ് നേതൃത്വം കുറ്റപ്പെടുത്തുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും മെഡിക്കൽ കോളേജിന്റെ വികസനത്തെ അട്ടിമറിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.



