തിരുവനന്തപുരം: മാറാട് കലാപവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എ.കെ ബാലൻ നടത്തിയ വിവാദ പരാമർശങ്ങളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വർഗീയ ശക്തികൾ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും അത് മാറാട് പോലുള്ള കലാപങ്ങൾ ആവർത്തിക്കാൻ കാരണമാകുമെന്നുമായിരുന്നു ബാലന്റെ പ്രസ്താവന. കേരളത്തിൽ വർഗീയ കലാപങ്ങൾ അരങ്ങേറിയ ഒരു കാലമുണ്ടായിരുന്നുവെന്നും അത് ഓർമ്മിപ്പിക്കാനാണ് ബാലൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്തത് ഇടത് സർക്കാരിന്റെ കർക്കശമായ നിലപാട് മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ടു ദിവസം കൊണ്ട് അവർ ബി.ജെ.പിയായി മാറുമെന്നും കോൺഗ്രസ് ഛിന്നഭിന്നമാകുമെന്നും ബാലൻ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ബാലന്റെ പ്രസ്താവനയ്ക്കെതിരെ ജമാഅത്തെ ഇസ്‍ലാമി ശക്തമായി രംഗത്തെത്തി. എ.കെ ബാലന് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ചു. സി.പി.എം വർഗീയ വിഷം ചീറ്റുന്നത് നിർത്തണമെന്നും പ്രസ്താവന പിൻവലിച്ച് ബാലൻ മാപ്പ് പറയണമെന്നുമാണ് സംഘടനയുടെ ആവശ്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാറാട് വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ സജീവമാകുകയാണ്



