ബൊഗോട്ട: വെനിസ്വേലയ്ക്ക് പിന്നാലെ കൊളംബിയയ്ക്കെതിരെയും സൈനിക നടപടി ഉണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ കൊളംബിയയിൽ വൻ പ്രതിഷേധം. പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ആഹ്വാനപ്രകാരം പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ ബൊഗോട്ട ഉൾപ്പെടെയുള്ള നഗരങ്ങളിൽ തെരുവിലിറങ്ങിയത്. ‘വൃത്തികെട്ട യാങ്കികൾ നരകത്തിലേക്ക് പോകട്ടെ’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ റാലികളിൽ അണിനിരന്നത്. വെനിസ്വേലയിൽ നടന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ബൊളിവർ പ്ലാസയിൽ നടന്ന റാലിയിൽ ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചു.
വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോയ നടപടിയെ പരിഹസിച്ച പ്രതിഷേധക്കാർ, ട്രംപ് ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയാണെന്നും യുദ്ധത്തിന്റെ പ്രസിഡന്റാണെന്നും കുറ്റപ്പെടുത്തി. അതിർത്തി നഗരമായ കുക്കുട്ടയിലും നൂറുകണക്കിന് ആളുകൾ പതാകകളുമായി മാർച്ച് ചെയ്യുകയും അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. തെക്കേ അമേരിക്കയിലെ സൈനിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന മേഖലയിൽ വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമെന്ന ദൃഢനിശ്ചയത്തിലാണ് കൊളംബിയൻ ജനത.



