തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മുതൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നടന്ന മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വഴിവിട്ട സഹായങ്ങൾ നൽകിയതും ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ സ്വർണ്ണം പുറത്തേക്ക് കടത്താൻ ഒത്താശ ചെയ്തതും തന്ത്രിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. 2004 മുതൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള അടുത്ത ബന്ധമാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് സൂചന.
ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ പോളിഷ് ചെയ്യാനെന്ന വ്യാജേന പുറത്തേക്ക് കൊണ്ടുപോയതിലും പകരമായി വ്യാജ സ്വർണ്ണം പതിപ്പിച്ചതിലും തന്ത്രിക്ക് നേരിട്ട് അറിവുണ്ടായിരുന്നുവെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വർണ്ണത്തിന് പകരം ചെമ്പ് പാളികൾ വെച്ച് രേഖകളിൽ കൃത്രിമം കാണിച്ച ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും തന്ത്രി സഹായിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ഈ അറസ്റ്റോടെ കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങാനുണ്ടെന്നാണ് സൂചന. ഇതേ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



