വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഐ.സി.ഇ ഏജന്റിന്റെ വെടിയേറ്റ് ഒരു യുവതി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, ഒറിഗൺ സംസ്ഥാനത്തെ പോർട്ട്ലാൻഡിൽ അതിർത്തി രക്ഷാസേനയുടെ വെടിയേറ്റ് ഒരു ദമ്പതികൾക്ക് പരിക്കേറ്റത് അമേരിക്കയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. അർധരാത്രിക്ക് ശേഷം ഒരു പാർക്കിംഗ് ഏരിയയിൽ ഇരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ അതിർത്തി രക്ഷാസേന ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് ഉദ്യോഗസ്ഥർ വെടിവെച്ചതെന്ന് ദമ്പതികളുടെ അഭിഭാഷകൻ ആരോപിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ അതിർത്തി രക്ഷാസേനയെ വിന്യസിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ തുടർച്ചയായ വെടിവെപ്പ് സംഭവങ്ങൾ അരങ്ങേറുന്നത്. സാധാരണക്കാരായ പൗരന്മാർക്ക് നേരെ അതിർത്തി രക്ഷാസേന നടത്തുന്ന ഇത്തരം അക്രമാസക്തമായ നടപടികളിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവർത്തകരും പ്രാദേശിക ഭരണകൂടങ്ങളും രംഗത്തെത്തിയിട്ടുണ്ട്.



