ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധം ലംഘിച്ചുവെന്നാരോപിച്ച് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ മലയാളി നാവികനും ഉൾപ്പെട്ടതായി റിപ്പോർട്ട്. ‘മരിനീര’ എന്ന റഷ്യൻ കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. ഇതിൽ ഒരാൾ മലയാളിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയായ ഋക്ഷിത് ചൗഹാൻ, ഒരു ഗോവൻ സ്വദേശി എന്നിവരാണ് കപ്പലിലുള്ള മറ്റ് ഇന്ത്യക്കാർ. വെനിസ്വേലയിൽ നിന്ന് അസംസ്‌കൃത എണ്ണയുമായി റഷ്യയിലേക്ക് പോകുകയായിരുന്ന കപ്പൽ കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കൻ അധികൃതർ തടഞ്ഞുവെച്ചത്.
കപ്പൽ പിടിച്ചെടുത്ത വാർത്ത പുറത്തുവന്നതോടെ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് വീട്ടുകാർ കടുത്ത ആശങ്കയിലാണ്. മഞ്ഞുമൂടിയ മേഖലയിലൂടെയുള്ള യാത്രയായതിനാൽ ഫോൺ സിഗ്നലുകൾ ലഭിക്കില്ലെന്ന് ഋക്ഷിത് നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ കപ്പൽ കസ്റ്റഡിയിലായതോടെ നയതന്ത്ര തലത്തിലുള്ള ഇടപെടൽ അനിവാര്യമാണെന്ന് കുടുംബങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഹിമാചൽ പ്രദേശ് സർക്കാർ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം വെനിസ്വേലയിലെയും അമേരിക്കയിലെയും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് വരികയാണ്.



