റിയാദ്: ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങാനിരുന്ന 45 അംഗ മലയാളി സംഘം ട്രാവൽ ഏജൻസിയുടെ ചതിയെത്തുടർന്ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത് 24 മണിക്കൂർ. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ തീർഥാടകരാണ് ട്രാവൽ ഏജൻസിയുടെ അനാസ്ഥ മൂലം ദുരിതത്തിലായത്. പ്രായമായവരും കുട്ടികളും അടങ്ങുന്ന സംഘത്തിന് ഒടുവിൽ റിയാദിലെ സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് നാട്ടിലേക്കുള്ള വഴി തുറന്നത്. കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ ഏജൻസി വഴിയാണ് ഈ സംഘം ഉംറയ്ക്കായി സൗദിയിലെത്തിയത്.
മദീന സന്ദർശനം പൂർത്തിയാക്കിയ സംഘത്തെ 1,200 കിലോമീറ്റർ അകലെയുള്ള റിയാദിൽ നിന്നാണ് മടക്കയാത്രയെന്ന് അറിയിച്ച് ബസ് മാർഗം വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ബോർഡിങ് പാസിനായി ക്യൂ നിൽക്കുമ്പോഴാണ് സംഘത്തിലെ പലരുടെയും കൈവശമുള്ളത് ‘ഡമ്മി ടിക്കറ്റ്’ ആണെന്ന ഞെട്ടിക്കുന്ന വിവരം എയർലൈൻ അധികൃതർ അറിയിക്കുന്നത്. ഇതോടെ എയർപോർട്ടിൽ കുടുങ്ങിയ തീർഥാടകരെ സഹായിക്കാൻ കൂടെയുണ്ടായിരുന്ന ഏജൻസി പ്രതിനിധി തയ്യാറായില്ല. വിവരമറിഞ്ഞെത്തിയ റിയാദിലെ പ്രവാസി പ്രവർത്തകർ സൗദി പോലീസിലും ‘നുസുക്’ പ്ലാറ്റ്‌ഫോമിലും പരാതി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഏജൻസി വഴങ്ങിയത്. ഒടുവിൽ സംഘത്തിന് ഹോട്ടൽ താമസവും പുതിയ ടിക്കറ്റും ലഭ്യമാക്കി. കുറഞ്ഞ നിരക്കിലുള്ള പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ ഏജൻസികളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്ന് സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിച്ചു.



