പ്ലസ് വൺ വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ; റാഗിംഗ് ആരോപണവുമായി കുടുംബം

പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശി രുദ്രയെ (16) ആണ് ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഭക്ഷണത്തിന് ശേഷം സഹപാഠികൾ മുറിയിലെത്തിയപ്പോഴാണ് രുദ്രയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിലെ സീനിയർ വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായ റാഗിംഗാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് രുദ്രയുടെ പിതാവ് രാജേഷ് രംഗത്തെത്തി.

സീനിയർ വിദ്യാർഥികൾ രുദ്രയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇക്കാര്യം മകൾ നേരത്തെ സൂചിപ്പിച്ചിരുന്നതായും കുടുംബം പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകി. എന്നാൽ കുടുംബം ഉന്നയിക്കുന്ന റാഗിംഗ് ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. പാലക്കാട് നോർത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles