കൽപ്പറ്റ: ഭൂമി തരംമാറ്റ നടപടികളിൽ അനാവശ്യ തടസ്സങ്ങൾ ഉന്നയിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീതയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ നൽകിയ പരാതിയിലാണ് റവന്യൂ വകുപ്പിന്റെ അടിയന്തര നടപടി. നൂൽപ്പുഴ വില്ലേജിലെ പത്ത് സെന്റ് ഭൂമി ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും, അത് നടപ്പിലാക്കാതെ തടസ്സപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. ഭൂമി തരംമാറ്റുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
പണം നൽകിയാൽ ഡെപ്യൂട്ടി കളക്ടറെക്കൊണ്ട് കാര്യങ്ങൾ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഒരു ഇടനിലക്കാരൻ തന്നെ സമീപിച്ചതായി കെ.ജെ. ദേവസ്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൈക്കൂലി നൽകാൻ വിസമ്മതിച്ചതോടെ അപേക്ഷ തള്ളുകയായിരുന്നു. വിഷയത്തിൽ ഗീതയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് അന്വേഷണ വിധേയമായുള്ള സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥയുടെ നടപടി സർക്കാരിന്റെ ഭൂമി തരംമാറ്റ നയങ്ങൾക്ക് വിരുദ്ധമാണെന്നും അന്വേഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



