ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം

കൊച്ചി:സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആക്രമിച്ച കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സർക്കാരിന്റെയും ഇ.ഡിയുടെയും കടുത്ത എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് ജാമ്യാപേക്ഷ അനുവദിച്ചത്. കേസിലെ മറ്റ് ഒൻപത് പ്രതികൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നൽകിയിരുന്നു.

പ്രതികൾക്കെതിരായ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും ആസൂത്രിത ക്രിമിനൽ പ്രവൃത്തിയാണെന്നതിന് പ്രാഥമിക സൂചനകളുണ്ടെന്നും കേസ് ഡയറി പരിശോധിച്ച ശേഷം കോടതി വിലയിരുത്തി. എങ്കിലും, പ്രതികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തതും അക്രമത്തിൽ ഇരയായവർക്ക് ഗുരുതര പരിക്കുകളില്ലാത്തതും കസ്റ്റഡി കാലാവധിയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഓരോ പ്രതിയും ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും ഹാജരാക്കണം. പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 രൂപ വീതം ബന്ധപ്പെട്ട കോടതിയിൽ കെട്ടിവെക്കാനും നിർദേശമുണ്ട്. കൂടാതെ, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനം വിടരുതെന്നും തുടർ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ തിരുവനന്തപുരം കന്റോൺമെന്റ് സബ് ഡിവിഷൻ എ.സി.പി ഓഫീസിന്റെ പരിധിയിൽ പ്രവേശിക്കരുതെന്നും കർശന ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ മേയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇ.ഡി ഉദ്യോഗസ്ഥരെയും കൂടെയുണ്ടായിരുന്ന സി.ആർ.പി.എഫ്, പോലീസ് ഉദ്യോഗസ്ഥരെയും മുന്നൂറോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles